മൈസൂരുവില്‍ എത്തിയാല്‍ ഇനി വഴി തെറ്റില്ല; ടൂറിസം കേന്ദ്രങ്ങളുടെ റൂട്ട് മാപ്പും ഫോട്ടോയും ഉള്‍പ്പെടെ എല്ലാം സെറ്റ്

മൈസൂരു റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ടൂറിസ്റ്റ് ഇൻഫർമേഷൻ ബോർഡ്.
മൈസൂരു റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ടൂറിസ്റ്റ് ഇൻഫർമേഷൻ ബോർഡ്.

മൈസൂരു റെയില്‍വേ സ്റ്റേഷനിലിറങ്ങിയാല്‍ ഇനി വഴി തെറ്റില്ല. നഗരത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വിവരമടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചു. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നതിനായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ മൈസൂരു ഡിവിഷനാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയത്.

ടൂറിസം കേന്ദ്രങ്ങളുടെ ഫോട്ടോകളും റൂട്ട് മാപ്പുകളും ഉള്‍ക്കൊള്ളുന്ന വിശദമായ വിവരം ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൈസൂരു കൊട്ടാരം, ചാമുണ്ഡിമല, റെയില്‍വേ മ്യൂസിയം, മൃഗശാല, സെയ്ന്റ് ഫിലോമിനാസ് പള്ളി, ജഗന്‍മോഹന്‍ കൊട്ടാരം, രംഗനത്തിട്ടു പക്ഷിസങ്കേതം, കെആര്‍എസ് ഡാം എന്നിവയുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ വിവരവും റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ദൂരവും ബോര്‍ഡിലുണ്ട്.

കേന്ദ്രങ്ങളുടെ തുറക്കല്‍, അടയ്ക്കല്‍ സമയം, ആഴ്ചതോറുമുള്ള അവധി ദിവസങ്ങള്‍, സിറ്റി ബസ് സ്റ്റാന്‍ഡ്, സബ്-അര്‍ബന്‍ ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം, പ്രീ-പെയ്ഡ് ഓട്ടോ സര്‍വീസുകള്‍ എന്നിവിടങ്ങളിലേക്കുള്ള ദിശകളുമുണ്ട് ബോര്‍ഡില്‍.

വിനോദസഞ്ചാര കേന്ദ്രങ്ങളും നഗര റൂട്ടുകളും പ്രദര്‍ശിപ്പിക്കുന്ന ഹ്രസ്വവീഡിയോ ക്ലിപ്പുകള്‍ ഉടന്‍ നിര്‍മിക്കുമെന്ന് മൈസൂരു റെയില്‍വേ ഡിവിഷന്‍ പിആര്‍ഒ ഗിരീഷ് ധര്‍മരാജ് കലഗൊണ്ട പറഞ്ഞു. പ്ലാറ്റ്‌ഫോമുകളില്‍ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളില്‍ ഈ ക്ലിപ്പുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ടൂറിസം ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ക്യ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ക്യ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളും അതിന്റെ ചരിത്രവും വഴിയുമടക്കം ലഭ്യമാകും. ഇതിന് വന്‍ പ്രചാരണം കിട്ടിയതിനെ തുടര്‍ന്നാണ് റെയില്‍വേ സ്റ്റേഷനിലും ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Content Highlights: New information boards at Mysuru Railway Station guide tourists to major attractions, including palaces, wildlife sanctuaries, and dams. Get directions, timings, and route maps easily.