CNG ലഭ്യത കുറഞ്ഞു, ഫില്ലിങ് സ്റ്റേഷന് പുറത്ത് റിക്ഷകളുടെ നീണ്ട നിര, മുംബൈയിൽ പ്രതിസന്ധി

മുംബൈ: പാചകത്തിന് പൈപ്പ് വഴി വിതരണം ചെയ്യുന്ന പ്രകൃതിവാതകത്തിന് (പി.എൻ.ജി.) മുൻഗണന നൽകിക്കൊണ്ട് മഹാനഗർ ഗ്യാസ് ലിമിറ്റഡ് (എം.ജി.എൽ.) കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി.) വിതരണം വെട്ടിക്കുറയ്ക്കാൻ തുടങ്ങി. മുംബൈയിലുടനീളം സി.എൻ.ജി. വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് വഡാലയിലെ സി.എൻ.ജി. ഫില്ലിങ് സ്റ്റേഷന് പുറത്ത് റിക്ഷകളുടെ നീണ്ട നിര തന്നെ പ്രത്യക്ഷമായി. മർദം കുറഞ്ഞതിനാൽ ശനിയാഴ്ച 20 സി.എൻ.ജി. ഫില്ലിങ് സ്റ്റേഷനുകൾ ഗ്രിഡ് ഓഫായി, ഈ ഔട്ട്‌ലെറ്റുകളിൽ ലഭിക്കുന്ന വാതകത്തിന്റെ അളവ് പരിമിതപ്പെടുത്തി.
മർദം കുറയുന്നതോടെ ഓട്ടോറിക്ഷകൾക്കും മറ്റ് വാഹനങ്ങൾക്കും ഒറ്റയടിക്ക് ഒരു ഫുൾ ടാങ്ക് നിറയ്ക്കാൻ കഴിയില്ല. സി.എൻ.ജി.യെക്കാൾ വീടുകളിലേക്കുള്ള പി.എൻ.ജി. വിതരണത്തിനാണ് മുൻഗണന നൽകുന്നതെന്നും നില മെച്ചപ്പെടുന്നതുവരെ, വിതരണം യുക്തിസഹമാക്കുന്നത് തുടരുമെന്നും എം.ജി.എൽ. വൃത്തങ്ങൾ പറഞ്ഞു.
എം.ജി.എലിന്റെ പ്രാഥമിക വിതരണ ഡിപ്പോ വഡാലയിലെ അനിക് ഡിപ്പോയ്ക്ക് സമീപമാണ്, അവിടെനിന്നാണ് സി.എൻ.ജി. സ്റ്റേഷനുകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നത്.
സാധാരണയായി ഓട്ടോറിക്ഷയിൽ സി.എൻ.ജി. നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായ മർദം 210 ബാർ ആണ്. മർദം 170 ബാറായി കുറഞ്ഞതായി ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഇതുമൂലം ആവശ്യാനുസരണം ഇന്ധനം നിറയ്ക്കാൻ കഴിയുന്നില്ലെന്ന് അവർ പറഞ്ഞു.
Content Highlights: Mahanagar Gas Limited (MGL) has restricted CNG supply in Mumbai., Priority is being given to domestic PNG (Piped Natural Gas) distribution., Pressure drops at stations have led to long queues for auto-rickshaws., Pressure levels dropped from 210 bar to 170 bar, preventing full tank fills.