ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പ്രഖ്യാപനവുമായി ഇറാന്‍; ആനുകൂല്യം ആകാശമാര്‍ഗം വരുന്നവര്‍ക്ക് മാത്രം

ഇറാനിലെ പ്രശസ്തമായ നാസില്‍ അല്‍ മുല്‍ക് മസ്ജിദ്‌ | Photo: Canva
ഇറാനിലെ പ്രശസ്തമായ നാസില്‍ അല്‍ മുല്‍ക് മസ്ജിദ്‌ | Photo: Canva

ന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറാനും. ഇന്ത്യയുള്‍പ്പടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇറാന്‍ വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിമാനമാര്‍ഗം ഇറാനില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. നേരത്തെ ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസ ഒഴിവാക്കി നല്‍കിയിരുന്നു. 

കരയിലൂടെ ഇറാനില്‍ പ്രവേശിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കരയിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പഴയത് പോലെ വിസ ആവശ്യമാണ്. വിമാനമാര്‍ഗം ടൂറിസം ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യ വിസയില്‍ 15 ദിവസം വരെ ഇറാനില്‍ താമസിക്കാം. ഈ കാലാവധി നീട്ടി നല്‍കില്ല. ഒരു സഞ്ചാരിക്ക് ആറ് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തില്‍ വിസയില്ലാതെ ഇറാനില്‍ പ്രവേശിക്കാനാവുകയുള്ളു. അതേസമയം കരമാര്‍ഗം പ്രവേശിക്കുന്നവരെ ഒഴിവാക്കിയത് ബജറ്റ് സഞ്ചാരികളെയും ഹിച്ച്‌ഹൈക്കര്‍മാരെയും നിരാശയിലാക്കിയിട്ടുണ്ട്. 

ലോക വിനോദസഞ്ചാര മേഖലയില്‍ ഇറാനെ കുറിച്ചുള്ള ധാരണകള്‍ മാറാനും രാജ്യം വിനോദസഞ്ചാര സൗഹൃദമാണെന്ന് തെളിയിക്കാനുമാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഈ നീക്കം. തുര്‍ക്കി, അസര്‍ബൈജാന്‍, ഒമാന്‍, ചൈന, അര്‍മേനിയ, ലെബനാന്‍, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകതകള്‍ ഇറാന്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. അന്താരാഷ്ട്ര സമൂഹവുമായി ഇടപടകുന്നതില്‍ ഇറാന്റെ പ്രതിബദ്ധത തെളിയിക്കുന്ന നീക്കമാണിതെന്ന് ഇറാന്‍ ടൂറിസം മന്ത്രി ഇസ്സത്തുല്ല സര്‍ഗാമി മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഇന്ത്യക്ക് പുറമെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ടൂണീഷ്യ, ടാന്‍സാനിയ, ജപ്പാന്‍, ക്യൂബ, മെക്‌സിക്കോ, സെര്‍ബിയ, പെറു തുടങ്ങിയ 27 രാജ്യങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം 40.4 ലക്ഷം വിദേശ സഞ്ചാരികളാണ് ഇറാനിലെത്തിയത്. മുന്‍ വര്‍ഷത്തെ വച്ച് നോക്കുമ്പോള്‍ 48.5 ശതമാനത്തിന്റെ വര്‍ധനവാണിത്. മഹത്തായ ചരിത്ര നിര്‍മ്മിതികളും സംസ്‌കാരങ്ങളും ഭൂപ്രകൃതിയും ഭക്ഷണവൈവിധ്യങ്ങളുമെല്ലാമുള്ള ഇറാന്‍ നിരവധി ഇന്ത്യക്കാരും സന്ദര്‍ശിക്കാറുണ്ട്.

Content Highlights: Iran announces 15-day visa-free policy for Indians