'ഞാനൊരു കോടിപതിയല്ല'; ഇന്ത്യന്‍ ദമ്പതിമാർ താമസിച്ച ഹോട്ടലിന്റെ ദിവസ വാടക 5.5 ലക്ഷം, പോസ്റ്റ് വൈറല്‍

കെനിയയിലെ മസായി മാരയിലെ അത്യാഡംബര ഹോട്ടലായ ജെ.ഡബ്യു മാരിയറ്റില്‍ അവധി ആഘോഷിച്ച ഇന്ത്യന്‍ ദമ്പതിമാരുടെ പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ടോപ്പ് വൈറല്‍. ഒരു രാത്രിക്ക് 5.5 ലക്ഷം രൂപയാണ് ജെ.ഡബ്ലു മാരിയറ്റിലെ റൂം നിരക്ക്. തങ്ങളുടെ ആഡംബര സാഹസിക യാത്രയുടെ വിശദാംശങ്ങളോടെ അനിര്‍ബന്‍ ചൗധരി എന്നയാള്‍ പങ്കുവെച്ച എക്‌സ് പോസ്റ്റാണ് നിമിഷ നേരം കൊണ്ട് വൈറലായത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അനിര്‍ബന്‍ തങ്ങളുടെ യാത്രയുടെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വൈകാതെ പോസ്റ്റില്‍ നിരവധി കമന്റുകള്‍ വന്നു. ഒരു ദിവസത്തിന് മൂന്ന് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന ഈ ഹോട്ടലില്‍ താമസിക്കാന്‍ നിങ്ങള്‍ എത്രകോടിയാണ് മാസം സമ്പാദിക്കുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതോടെ തന്റെ അത്യാഡംബര യാത്രയുടെ രഹസ്യങ്ങള്‍ അനിര്‍ബന്‍ വിശദീകരിക്കുകയായിരുന്നു.
ആഡംബര താമസങ്ങള്‍ക്കായി എപ്പോഴും ഒരുപാട് പണം വാരിക്കോരി ചെലവഴിക്കേണ്ടതില്ലെന്ന് അനിര്‍ബന്‍ വ്യക്തമാക്കി. നിങ്ങളൊരു ബുദ്ധിമാനായ സഞ്ചാരിയാണെങ്കില്‍ കുറച്ച് പണത്തിലും ചിലപ്പോള്‍ സൗജന്യമായും ഇത്തരം സ്ഥലങ്ങളില്‍ താമസിക്കാം. അതിന് യാത്രികരെ സഹായിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ക്രെഡിറ്റ് പോയന്റുകള്‍ പലപ്പോഴും ഇത്തരത്തില്‍ വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മാരിയറ്റിന്റെ ബോണ്‍വോയ് പോയന്റുകളുപയോഗിച്ചാണ് വളരെ കുറഞ്ഞ ചെലവില്‍ തനിക്ക് ഈ അത്യാഡംബര റിസോര്‍ട്ടില്‍ താമസിക്കാനായതെന്നും അനിര്‍ബന്‍ വ്യക്തമാക്കി.
''ഞാനൊരു കോടീശ്വരനല്ല. മാസവരുമാനമുള്ള ജോലിക്കാരനാണ്. ജോലി ആവശ്യത്തിനായി ഒരുപാട് യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിനാല്‍ ഒരുപാട് ക്രെഡിറ്റ് പോയന്റുകളും ലഭിക്കാറുണ്ട്. അത് കൃത്യമായി വിനിയോഗിക്കുന്നതിലാണ് കാര്യം. ഇവിടെ ഞാന്‍ 4,24,000 മാരിയറ്റ് ബോണ്‍വോയ് പോയന്റുകളാണ് ഉപയോഗിച്ചത്. ഇതിലൂടെ ഇരുപത്തിനാല് ലക്ഷത്തിലേറെ രൂപയാണ് എനിക്ക് ലാഭമായത്. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ നിങ്ങളൊരു കോടിപതി ആകണമെന്നൊന്നുമില്ല. നിങ്ങളൊരു സാമര്‍ഥ്യമുള്ള മനുഷ്യനായാല്‍ മതി. ഒരു സ്‌ക്രീനിന് പിന്നില്‍ ധ്യാനിച്ചിരിക്കുന്നതിന് പകരം കൂടുതല്‍ ക്രെഡിറ്റ് പോയന്റുകള്‍ എങ്ങനെ നേടാമെന്ന് പഠിക്കുകയാണ് വേണ്ടത്'- അനിര്‍ബന്‍ തന്റെ മറുപടിയില്‍ വ്യക്തമാക്കി.
ഈ മറുപടി പോസ്റ്റിന് വന്‍ പ്രതികരണമാണ് എക്‌സ് ഉപയോക്താക്കളില്‍ നിന്നുണ്ടായത്. ജെ.ഡബ്ലു മാരിയറ്റിന്റെ പോയന്റ് സിസ്റ്റത്തെ കുറിച്ച് ഇത്ര മനോഹരമായി വിശദീകരിച്ചതിന് പലരും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഇനിമുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടുതല്‍ ബുദ്ധിപരമായി ഉപയോഗിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.
സമാനതകളില്ലാത്ത ആഡംബര സഫാരി അനുഭവമാണ് മസായി മാര ജെ.ഡബ്ലു മാരിയറ്റ് ലോഡ്ജ്. മസായ് മാര നാഷണല്‍ റിസര്‍വിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ റിസോര്‍ട്ടില്‍ തലേക് നദിക്ക് അഭിമുഖമായുള്ള 22 ടെന്റഡ് സ്യൂട്ടുകളാണ് ഉള്ളത്. മസായ് മാരയിലെ കീക്കറോക്ക് എയര്‍ സ്ട്രിപ്പില്‍ നിന്നും 30 മിനുട്ട് ഡ്രൈവ് ചെയ്താല്‍ ഈ റിസോര്‍ട്ടിലെത്താം.
Content Highlights: Indian couple stays at 5.5 lakh JW Marriott resort social media post goes viral