ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നുമുതൽ അടച്ചിടും

മൂന്നാർ: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം (രാജമല) ഫെബ്രുവരി ഒന്നുമുതൽ അടച്ചിടും. വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതോടെയാണ് ഉദ്യാനം അടച്ച് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.
ജനുവരി ആദ്യവാരം മുതലേ പ്രദേശത്ത് വരയാടിൻകുഞ്ഞുങ്ങളെ കണ്ടു തുടങ്ങിയിരുന്നു. ഇപ്പോൾ രാജമല, മേസ്തിരികെട്ട്, കുമരിക്കല്ല്, വരയാട്മൊട്ട തുടങ്ങിയ ഭാഗങ്ങളിൽ നിരവധി കുഞ്ഞുങ്ങൾ പുതുതായി പിറന്നിട്ടുണ്ട്. ഇവയ്ക്ക് ശല്യമുണ്ടാകാതിരിക്കാനാണ് ഉദ്യാനം അടയ്ക്കുന്നത്. ഏപ്രിൽ ഒന്നിന് വീണ്ടും സന്ദർശകർക്കായി തുറക്കും.
വരയാടുകളുടെയും നീലക്കുറിഞ്ഞിയുടെയും മറ്റ് അപൂർവജീവി വർഗങ്ങളുടെയും സംരക്ഷണ കേന്ദ്രമാണ് ഇരവികുളം. ബ്രിട്ടീഷ് ഭരണകാലത്ത് ഹാമിൽട്ടൻ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന പ്രദേശം നേരത്തേ കണ്ണൻദേവൻ കമ്പനിയുടെ കൈവശമായിരുന്നു. 1895-ൽ മേഖലയെ സംരക്ഷിത പ്രദേശമാക്കി പ്രഖ്യാപിച്ചു.
1971 കേരള സർക്കാർ ഈ പ്രദേശം ഏറ്റെടുത്തു. 1975-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. 97 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണം. ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി 2025-ൽ ഇരവികുളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Eravikulam National Park will close from Feb 1 to Apr 1 for Nilgiri Tahr breeding season. Plan your visit after April 1st to see the endangered species.