ടൂറിസം പരിധിവിട്ടു; ആംസ്റ്റര്‍ഡാമില്‍ ഇനി പുതിയ ഹോട്ടലുകള്‍ നിര്‍മിക്കേണ്ടെന്ന് സിറ്റി കൗണ്‍സില്‍

ടൂറിസം പ്രവര്‍ത്തനങ്ങള്‍ അമിതമായി പൊതുജനങ്ങളുടെ ജീവിതം തന്നെ ദുസഹമായ നിരവധി നഗരങ്ങള്‍ ലോകത്തുണ്ട്. ഇവരെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളിലാണ്. അക്കൂട്ടത്തില്‍ മുന്‍പിലാണ് ലോകത്തിലെ തന്നെ പ്രധാന ടൂറിസം നഗരങ്ങളിലൊന്നായ ആംസ്റ്റര്‍ഡാം. നേരത്തെ ക്രൂസ് ഷിപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ആംസ്റ്റര്‍ഡാം ഇപ്പോള്‍ പുതിയ ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചാണ് വാര്ത്തയിലിടംനേടിയിരിക്കുന്നത്.
ആംസ്റ്റര്‍ഡാം സിറ്റി കൗണ്‍സില്‍ സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഈ നിര്‍ണായക തീരുമാനം അറിയിച്ചിരിക്കുന്നത്. അമിത ടൂറിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി പുതിയ ഹോട്ടലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി സിറ്റി കൗണ്‍സില്‍ വ്യക്തമാക്കി. ഒരു വര്‍ഷം ആംസ്റ്റര്‍ഡാമില്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നവരുടെ എണ്ണം രണ്ട് കോടിയാക്കി നിലനിര്‍ത്താനാണ് തീരുമാനമെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഇതോടെ ആംസ്റ്റര്‍ഡാമില്‍ നിലവിലുള്ള ഒരു ഹോട്ടല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ മാത്രമേ പുതിയ ഹോട്ടല്‍ നിര്‍മിക്കാന്‍ സാധിക്കുകയുള്ളു. അതേസമയം നിലവില്‍ നിര്‍മാണ അനുമതി ലഭിച്ചവയ്ക്ക് ഈ നിയമം ബാധകമല്ല.
ലഹരിക്കും ലൈംഗികതയ്ക്കും പ്രശസ്തമായ തെരുവുകള്‍ തേടി ഓരോ മാസവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ്ലൈറ്റ് ഡിസ്ട്രിക്ടില്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി തന്നെ ക്രൂസ് ഷിപ്പുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ആംസ്റ്റര്‍ഡാം തുറമുഖത്തെ സെന്‍ട്രല്‍ ക്രൂയിസ് ടെര്‍മിനല്‍ അടച്ചുപൂട്ടാനും സിറ്റി കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തി തീരുമാനിച്ചു. യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൂയിസ് ഷിപ്പുകള്‍ നങ്കൂരമിടുന്ന തീരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം.ഒരു വര്‍ഷം ഏകദേശം ഏഴ് ലക്ഷത്തോളം സഞ്ചാരികളാണ് ക്രൂയിസുകളില്‍ വന്നിറങ്ങുന്നത്.
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ടൂറിസം ടാക്സും നിലവിലുള്ള നഗരമാണ് ആംസ്റ്റര്‍ഡാം. സമീപകാലത്ത് ഇതില്‍ വലിയ വര്‍ധനവും ഏര്‍പ്പെടുത്തിയിരുന്നു. അമിത ടൂറിസത്തെ തുടര്‍ന്ന് സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനും ഗുണമേന്മയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നികുതി ഈടാക്കുന്നതെന്നാണ് വിശദീകരണം.
Content Highlights: Amsterdam bans construction of new hotels