എട്ടുവയസ്സുകാരിയുടെ പർവതസ്നേഹം; അച്ഛനൊപ്പം 4,167 മീറ്റർ ഉയരമുള്ള മൗണ്ട് ടുബ്കാൽ കീഴടക്കി ഇയ്യ

തൃശ്ശൂർ: എരവിമംഗലത്തുള്ള എട്ടുവയസ്സുകാരി ഇയ്യ കൃഷ് വടക്കേ ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് ടുബ്കാൽ (4,167 മീറ്റർ) കീഴടക്കി. അച്ഛൻ ഇടത്തൂട്ട് വീട്ടിൽ കൃഷ്ണരാജിനോെടാപ്പമാണ് ജൂലായ് ഏഴിന് കൊടുമുടിയുടെ നെറുകയിലെത്തിയത്. മൂന്നു ദിവസമെടുത്തു കയറാൻ.
അച്ഛന്റെ മൂന്നു കൂട്ടുകാരും പരിചയസമ്പന്നനായ മലകയറ്റക്കാരൻ നാസർ ഹുസൈനും കൂടെയുണ്ടായിരുന്നു. യു.എ.ഇ.യിലെ ഫുജൈറയിൽ ഷിപ്പിങ് മേഖലയിൽ ജീവനക്കാരാണ് കൃഷ്ണരാജും ഭാര്യ അരുണാ വേണുഗോപാലും. ഇയ്യ കൃഷ് അവിടെ റോയൽ പ്രൈവറ്റ് ഇംഗ്ലീഷ് സ്കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ്.
അഞ്ചാം വയസ്സിൽ യു.എ.ഇ.യിലെ ജബൽ ജെയ്സ് എന്ന പർവതവും ഇയ്യ കൃഷ് കയറിയിട്ടുണ്ട്. വാരാന്തങ്ങളിൽ ഉയരം കൂടിയ മലകൾ കയറിയാണ് മൗണ്ട് ടുബ്കാൽ കയറാനുള്ള പരിശീലനം നേടിയത്. മാർച്ച് ആദ്യ വാരം മൗണ്ട് ടുബ്കാൽ കീഴടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രതികൂല കാലാവസ്ഥ കാരണം 3,500 മീറ്ററിൽനിന്ന് തിരിച്ചിറങ്ങേണ്ടി വന്നു. നല്ല കാലാവസ്ഥയായതോടെ ഈ ജൂൺ അഞ്ചിന് കയറിത്തുടങ്ങി. മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കിയ ഏഷ്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞയാളായി ഇയ്യ കൃഷ്.
മൊറോക്കോയിലെ അറ്റ്ലസ് പർവതനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ടുബ്കാൽ ദുഷ്കരമായ പാതകൾ, ഉയർന്ന പ്രദേശം, പ്രതികൂല കാലാവസ്ഥ എന്നിവ കാരണം ഏറെ വെല്ലുവിളി നിറഞ്ഞ പർവതമാണ്. ഈ കൊടുമുടി കീഴടക്കാൻ മികച്ച ശാരീരികക്ഷമതയും ധൈര്യവും കൃത്യമായ പരിശീലനവും മതിയായ തയ്യാറെടുപ്പും അനിവാര്യമാണ്.
Content Highlights: Iyya Krish summited the 4,167m Mount Toubkal in July 2026., She is recognized as the youngest Asian climber to achieve this feat., The expedition involved intense training across weekends and previous mountain climbing experience., The successful summit followed a previous attempt in March that was aborted due to bad weather.