റിസോര്‍ട്ടുകള്‍ തോല്‍ക്കുന്ന കിടപ്പറകള്‍, ബാറുകള്‍, റസ്റ്ററന്റുകള്‍; ലോകത്തെ അത്യാഡംബര തീവണ്ടികള്‍

ഓറിയന്റ് എക്‌സ്പ്രസ് | Photo: .belmond.com/
ഓറിയന്റ് എക്‌സ്പ്രസ് | Photo: .belmond.com/

ഇന്ത്യയില്‍ സാധാരണക്കാരന്റെ യാത്രാ മാര്‍ഗങ്ങളിലൊന്നായാണ് തീവണ്ടികളെ പരിഗണിക്കാറുള്ളത്. എന്നാല്‍ ആഡംബരത്തിന്റെ പകിട്ടില്‍ കുതിച്ചുപായുന്ന രാജകൊട്ടാരം കണക്കെയുള്ള തീവണ്ടികളും ലോകത്തിന്റെ പലഭാഗത്തായുണ്ട്. എന്തിന് ഇന്ത്യയില്‍ പോലുമുണ്ട്. സൗകര്യങ്ങളുടെ കാര്യത്തില്‍ ലോകോത്തര ഹോട്ടലുകളെ പോലും വെല്ലുന്ന ട്രെയിനുകള്‍ പണക്കാരായ വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാല്‌ ആഡംബര ട്രെയിനുകളെ പരിചയപ്പെടാം.

പാലസ് ഓണ്‍ വീല്‍സ് 

ലോകത്തിലെ തന്നെ ഏറ്റവും എണ്ണം പറഞ്ഞ ആഡംബര ട്രെയിനുകളിലൊന്നാണ് ഇന്ത്യയുടെ സ്വന്തം പാലസ് ഓണ്‍ വീല്‍സ്. 1982 മുതല്‍ ഇന്ത്യയുടെ ഈ ചലിക്കുന്ന കൊട്ടാരം സഞ്ചാരികളുമായി കുതിച്ചുപായാറുണ്ട്. ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് രാജസ്ഥാന്‍ ടൂറിസം വകുപ്പാണ് ഇതിന്റെ സര്‍വീസ് നടത്തുന്നത്. പാലസ് ഓണ്‍ വീല്‍സ് ട്രെയിനില്‍ 39 ഡീലക്സ് ക്യാബിനുകളും 2 സൂപ്പര്‍ ഡീലക്സ് ക്യാബിനുകളുമാണുള്ളത്. ആകെ 82 യാത്രക്കാര്‍ക്കാണ് ഒരു യാത്രയില്‍ പോകാന്‍ സാധിക്കുന്നത്. 25 ജീവനക്കാരും ഇതിലുണ്ടാകും. ഏഴ് രാത്രിയും എട്ട് പകലും കൊണ്ട് രാജസ്ഥാനിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലൂടെ 3000 കിലോമീറ്ററിലധികം ഈ ട്രെയിന്‍ സഞ്ചരിക്കും.

ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് ആരംഭിക്കുന്ന യാത്ര ജയ്പ്പൂര്‍, സവായ് മധോപ്പൂര്‍, ചിറ്റോര്‍ഗഡ്, ഉദയ്പ്പൂര്‍, ജയ്സാല്‍മിര്‍, ജോധ്പ്പൂര്‍, ഭരത്പ്പൂര്‍, ആഗ്ര എന്നിവടങ്ങളിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഏഴാം ദിവസം വൈകിട്ട് മടങ്ങിയെത്തും. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ആഡംബര ബസിലുള്ള യാത്രയും ഭക്ഷണവും മറ്റ് സേവനങ്ങളും എല്ലാം പാക്കേജില്‍ ഉള്‍പ്പെടും. 23 കോച്ചുകളുള്ള തീവണ്ടിയില്‍ ഓരോ കോച്ചിനും പഴയ രജപുത്രനാട്ടുരാജ്യങ്ങളുടെ പേരാണ് നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഇന്റീരിയറാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ കോച്ചിലും ആഡംബര സൗകര്യങ്ങളും വൈഫൈയും ഉള്ള നാല് ക്യാബിനുകളുണ്ട്. കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍, ഒരു ബാര്‍ കംലോഞ്ച്, 14 സലൂണുകള്‍, സ്പാ തുടങ്ങിയ സൗകര്യങ്ങളുള്ള ട്രെയിനില്‍ മഹാരാജ, മഹാറാണി എന്നീ രണ്ട്  റസ്റ്ററന്റുകളുമുണ്ട്. അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് സീസണുകളിലെ ടിക്കറ്റ് നിരക്ക്.

ഓറിയന്റ് എക്‌സ്പ്രസ്- വെനീസ്

Photo: .belmond.com/

ലണ്ടനില്‍ നിന്ന് വെനീസിലേക്കും മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്കും പോകുന്ന സ്വകാര്യ ആഡംബര തീവണ്ടിയാണ് വെനീസ് സിംപ്ലോണ്‍ ഓറിയന്റ് എക്‌സ്പ്രസ്. സിനിമകളിലൂടെയും നോവലുകളിലൂടെയും ലോകപ്രശസ്തമായ 1920കളിലെ ഓറിയന്റ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ആധുനീകരിച്ച സര്‍വീസാണിത്. വി.എസ്.ഒ.ഇ എന്ന പേരിലും ഈ സര്‍വീസ് അറിയപ്പെടുന്നു. യൂറോപ്പിന്റെ ഹൃദയത്തിലൂടെ അതിമനോഹരമായ കാഴ്ചകള്‍ കണ്ട് അത്യാഡംബര സൗകര്യങ്ങള്‍ അനുഭവിച്ചുകൊണ്ടുള്ള ഒരു തീവണ്ടിയാത്ര- അതാണ് ഓറിയന്റ് എക്‌സ്പ്രസ്. ലണ്ടന്‍, പാരീസ്, വെനീസ്, വെറോണ (ഇറ്റലി) എന്നീ നഗരങ്ങളിലൂടെയാണ് ഈ ട്രെയിന്‍ യാത്ര കടന്നുപോകുന്നത്. ചില സമയങ്ങളില്‍ മറ്റ് യൂറോപ്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്താറുണ്ട്. ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ നിര്‍ത്താതെയാണ് ഈ സ്ലീപ്പര്‍ തീവണ്ടി സഞ്ചരിക്കുക. സ്യൂട്ടുകള്‍, ഗ്രാന്റ് സ്യൂട്ടുകള്‍, ഹിസ്റ്റോറിക് ക്യാബിനുകള്‍ തുടങ്ങി ആഡംബരത്തിന്റെ പലതലങ്ങളിലുള്ള സീറ്റുകള്‍ ലഭ്യമാണ്. 1920 കളിലേതിന് സമാനമായ ഇന്റീരിയറും ഫര്‍ണിച്ചറുകളുമൊക്കെയാണ് ഈ ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. പകല്‍സമയങ്ങളില്‍ യൂറോപ്പിന്റെ അതിമനോഹരമായ ഭൂപ്രകൃതി ആസ്വധിക്കാന്‍ പാകത്തിലാണ് ക്യാബിനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം മുതല്‍ നാല് ലക്ഷം വരെയാണ് ടിക്കറ്റ് നിരക്ക് 

സെവന്‍ സ്റ്റാര്‍സ്- ക്യൂഷു

Photo: cruisetrain-sevenstars

ഒരു ക്രൂസ് ഷിപ്പിന് സമാനമായ ആഡംബരങ്ങള്‍ ഒരു തീവണ്ടിയില്‍. അതാണ് ജപ്പാന്റെ സെവന്‍ സ്റ്റാര്‍സ്. ജപ്പാനിലെ അതിമനോഹരമായ ദ്വീപായ ക്യൂഷുവിലൂടെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ക്യൂഷുവിന്റെ സംസ്‌കാരവും പ്രകൃതി ഭംഗിയും ആതിഥ്യ മര്യാദയുമെല്ലാം സഞ്ചാരികള്‍ക്ക് അനുഭവിപ്പിച്ച് കൊടുക്കാനാണ് ഈ സര്‍വീസ് ആരംഭിച്ചത്. ലോകോമോട്ടീവും ഏഴ് കോച്ചുകളും അടങ്ങുന്നതാണ് സെവന്‍ സ്റ്റാര്‍സ്. ഇതില്‍ അഞ്ച് സ്ലീപ്പിങ് കാറുകളും ലോഞ്ച്, ഡൈനിങ് കാറുകളും ഉള്‍പ്പെടുന്നു. 28 യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ മാത്രമാണ് ഈ ട്രെയിനിലുള്ളത്. യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് സ്യൂട്ടുകളോ ലക്ഷ്വറി സ്യൂട്ടുകളോ തിരഞ്ഞെടുക്കാം. ഇരിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങള്‍, ബാത്ത് റൂം എന്നിവയടങ്ങുന്നതാണ് സ്യൂട്ടുകള്‍. ജാപ്പനീസ് കലാകാരന്‍മാര്‍ കൈകൊണ്ട് ഇന്റീരിയറും കലാസൃഷ്ടികളുമാണ് ഇതിലുള്ളത്. ജപ്പാനിലെ വലിയ മൂന്നാമത്തെ ദ്വീപായ ക്യൂഷുവിലെ പ്രധാന ഡെസ്റ്റിനേഷനുകളില്‍ യാത്രക്കാര്‍ക്ക് ഇറങ്ങി കാഴ്ചകള്‍ കാണാന്‍ സാധിക്കുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ജപ്പാനിലെ ഭക്ഷണ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനുള്ള സൗകര്യങ്ങളും സെവന്‍ സ്റ്റാര്‍സിലുണ്ട്. നാലരലക്ഷം രൂപ മുതലാണ് ടിക്കറ്റ്.

ദ റോയല്‍ സ്‌കോട്‌സ്മാന്‍

Photo: .belmond.com/

സ്‌കോച്ച് വിസ്‌കികളുടെ നാടായ സ്‌കോട്ട്‌ലാന്‍ഡിനുമുണ്ട് ഒരു ലോകോത്തര ആഡംബര തീവണ്ടി- ദ റോയല്‍ സ്‌കോട്‌സ്മാന്‍. സ്‌കോട്ലാന്‍ഡിന്റെ പ്രകൃതിസൗന്ദര്യം ആഡംബരപൂര്‍ണമായി അറിയാനുള്ള അവസരമാണ് ഈ ട്രെയിന്‍യാത്ര സമ്മാനിക്കുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇതിന്റെ സര്‍വീസ് ഉണ്ടായിരിക്കുക. ട്രെയിനില്‍ എടുത്തുപറയേണ്ട പല കാര്യങ്ങളുമുണ്ടെങ്കിലും അതില്‍ മുന്നില്‍ നില്‍ക്കുന്നത് സ്‌കോട്ടിഷ് ബാറുകളും റസ്റ്ററന്റുകളുമാണ്. എഡിന്‍ബര്‍ഗ് വാവെര്‍ലി സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. നാലരലക്ഷം രൂപമുതലാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.

Content Highlights: world's top luxury trains