ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്ന്; എത്തുന്നത് കുറവ് സഞ്ചാരികള്‍, അപ്രത്യക്ഷമാവുമോ ഈ രാജ്യം ?

ടുവാലു| photo: gettyi mages
ടുവാലു| photo: gettyi mages

തിരക്കേറിയ വികസിത രാജ്യങ്ങളേക്കാള്‍ സഞ്ചാരികള്‍ക്ക് കൂടുതലിഷ്ടം ദ്വീപ് രാജ്യങ്ങളോടാണ്. പക്ഷെ ലോകത്തിലേറ്റവും മനോഹരമായ ദ്വീപ് രാജ്യങ്ങളിലൊന്നായ ടുവാലുവാണ് ഏറ്റവും കുറവ് സന്ദര്‍ശകരെത്തുന്ന രാജ്യവും. മാത്രമല്ല ഏറെ വൈകാതെ ഈ രാജ്യത്തേക്ക് ഒരാള്‍ക്കും പോകാന്‍ സാധിച്ചെന്ന് വരില്ല. കാരണം ഇഞ്ചിഞ്ചായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഈ കുഞ്ഞന്‍ രാജ്യം. 

വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് ആകെ വിസ്തീര്‍ണം. തെക്കന്‍ ശാന്തസമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് എട്ട് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. 1978ല്‍ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. 
 

എല്ലിസ് ദ്വീപുകള്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 12000-ത്തിനടുത്തുമാത്രമാണ് ടുവാലുവിലെ ജനസംഖ്യ. രണ്ടാംലോകമഹായുദ്ധ കാലത്ത് അമേരിക്ക നിര്‍മ്മിച്ച ഒരു വിമാനത്താവളം മാത്രമാണ് ഈ രാജ്യത്തുള്ളത്. ഫിജി എയര്‍വെയ്സ് വിമാനങ്ങള്‍ മാത്രമാണ് ഇങ്ങോട്ട് സര്‍വീസ് നടത്താറുള്ളത്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണെങ്കിലും ദ്വീപുകളെയും കടല്‍തീരങ്ങളെയും സ്നേഹിക്കുന്ന വിനോദസഞ്ചാരികള്‍ ഈ രാജ്യത്തെ തേടിയെത്താറുണ്ട്.

തലസ്ഥാനമായ ഫുണാഫട്ടി എന്ന ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത്. ദ്വീപ് മേഖലയായതിനാല്‍ തന്നെ മണ്ണിന്റെ അളവും കൃഷിയും താരതമ്യേനെ കുറവാണ്. മത്സ്യബന്ധനവും ടൂറിസവുമാണ് പ്രധാനവരുമാന മാര്‍ഗം. .tv എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബജറ്റിലേക്ക് ദശലക്ഷങ്ങളാണ് ടുവാലുവിന്റെ ഇന്റര്‍നെറ്റ് കണ്‍ട്രി കോഡ് ആയ ഈ ഡൊമെയിന്‍ നെയിം സംഭാവന ചെയ്യുന്നത്.

ആഗോളതാപനത്താല്‍ സമുദ്രനിരപ്പുയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് ടുവാലു. ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും രാജ്യം പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് പ്രവചനങ്ങള്‍. നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുന്ന സമുദ്രനിരപ്പാണ് ഇവരുടെ ആശങ്ക. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയത്ത് തലസ്ഥാനമായ ഫുണാഫുട്ടിയുടെ 40 ശതമാനവും വെള്ളത്തിലാവും. ഒമ്പത് കുഞ്ഞന്‍ ദ്വീപുകളില്‍ രണ്ടെണ്ണം ഏതാണ്ട് വെള്ളത്തിനിടയിലായിക്കഴിഞ്ഞു.

Content Highlights: will tuvalu disappear in the next few years