അവസാന പാറയും കയറി അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിൽ, 1868 മീറ്റർ ഉയരേയ്ക്കൊരു സ്വപ്‌നയാത്ര

തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴില്‍ വരുന്ന പേപ്പാറ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തിലേയ്ക്കാണ് ഞങ്ങള്‍ യാത്ര പ്‌ളാന്‍ ചെയ്യുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ദുര്‍ഘടം പിടിച്ച കാനനയാത്രയെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ ഏറെ കേട്ടിട്ടുണ്ട്. നടന്നാലും നടന്നാലും തീരാത്ത കാനന പാതകളെക്കുറിച്ചും യാത്രികരെ പരിക്ഷീണതയുടെ പാരമ്യതയിലെത്തിക്കുന്ന മലമടക്കുകളുടെ അപാരതകളെക്കുറിച്ചും യാത്രയ്ക്കിടയില്‍ കണ്ടേയ്ക്കാവുന്ന വന്യമൃഗങ്ങളേയും ആനക്കൂട്ടങ്ങളെക്കുറിച്ചുമൊക്കെ കേട്ട കഥകള്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു. 2018ല്‍ സ്ത്രീകളേയും അഗസ്ത്യാര്‍കൂടത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയ നാള്‍ മുതല്‍ മനസ്സില്‍ കൂടുകെട്ടിയ ഒരാഗ്രഹമാണ് ഈ യാത്ര. അതുകൊണ്ടുതന്നെ ഭാര്യയാണെന്നതോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്നതോ, 46 വയസ്സെത്തിയ സ്ത്രീയെന്നതോ, പ്രായപൂര്‍ത്തിയെത്തിയ രണ്ട് മക്കളുടെ അമ്മയെന്നതോ ഒന്നും പിന്‍വിളികളാകരുതെന്ന് മനസ്സില്‍ ഉറപ്പിച്ചു തന്നെയാണ് ഇറങ്ങിയത്. രണ്ടുമൂന്ന് ആഴ്ചകളിലായി മൂന്നുനാലു കിലോമീറ്റര്‍ വീതം നടന്നു ശീലിച്ചു. കൊടുമുടി കയറാനുള്ള ശാരീരികക്ഷമത ഉറപ്പാക്കാനായിരുന്നു അത്.
കൂടെയുള്ളവര്‍ പലരും പറഞ്ഞും കേട്ടിരുന്നു... എത്രമേല്‍ ദുഷ്‌കരമാണെങ്കിലും വര്‍ഷംതോറും അവിടേയ്ക്കാകര്‍ഷിക്കുന്ന പ്രകൃതിയുടെ നിറുത്തില്ലാത്ത ആ പ്രലോഭനത്തെക്കുറിച്ച്... വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ആത്മനിര്‍വൃതിയെക്കുറിച്ച്... അവസാനം 1868 മീറ്റർ മുകളില്‍ മഹാമേരുവിന്റെ ഉച്ചിയില്‍ കാലൂന്നി നില്‍ക്കവേ അനുഭവവേദ്യമാകുന്ന അവാച്യമായ ഉന്മാദത്തെക്കുറിച്ച്...!
Content Highlights: trek up to the serene Agasthyakoodam