ഏഴാം വര്‍ഷവും ലോകത്തിലെ സന്തുഷ്ട രാജ്യം; ഫിന്‍ലന്‍ഡിന്റെ സന്തോഷ രഹസ്യങ്ങള്‍ എന്ത്?

യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം ഫിന്‍ലന്‍ഡാണ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വായുവും വെള്ളവും പോലെ പ്രിയപ്പെട്ടതാണ് ഫിന്‍ലന്‍ഡുകാര്‍ക്ക് സന്തോഷവും. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശീലിച്ചവരാണ് ഫിന്നിഷ് ജനത. അമേരിക്കയും ജര്‍മനിയും പോലുള്ള ലോകശക്തികള്‍ പോലും ഹാപ്പിനസ് ഇന്‍ഡക്‌സില്‍ പിറകോട്ട് പോവുമ്പോള്‍ ഈ നോര്‍ഡിക്ക് രാജ്യത്തില്‍ സന്തോഷം നിറയ്ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയായിരിക്കും.
പരിസ്ഥിതി
അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. അമൂല്യമായ പ്രകൃതി സമ്പത്ത് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിന്‍ലന്‍ഡുകാര്‍ പ്രഥമ പരിഗണന നല്‍കുന്നു. വനപ്രദേശങ്ങളും തടാകങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം അതിന്റെ സ്വാഭാവികതയോടെ തന്നെ പരിപാലിക്കുന്നു. പ്രകൃതിയോടിണങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. എത്രവലിയ പണക്കാരായാലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ജീവിതരീതികള്‍ ഒഴിവാക്കുന്നു. ജീവിതത്തില്‍ സമ്മര്‍ദ്ധങ്ങളുണ്ടാവുമ്പോള്‍ കൂടുതല്‍ പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഫിന്‍ലന്‍ഡുകാരുടെ തന്ത്രം. ജീവിതത്തില്‍ സന്തോഷമുണ്ടാവാന്‍ കൂടുതല്‍ കാരണങ്ങള്‍ വേണ്ടല്ലോ.
സാമൂഹിക സുരക്ഷ
പൗരന്‍മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഭരണ സംവിധാനമാണ് ഫിന്‍ലന്‍ഡിന്റെ മറ്റൊരു കരുത്ത്. അഴിമതി തീരെ കുറവ്. വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം. യൂണിവേഴ്‌സിറ്റി തലംവരെ സൗജന്യ വിദ്യാഭ്യാസം. രാജ്യത്ത് പഠിക്കുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഈ സൗജന്യം ലഭിക്കുന്നു. ഏറ്റവും മികച്ച പൊതുജനാരോഗ്യ സംവിധാനം. തൊഴില്‍ രഹിതര്‍ക്കായി നിരവധി ശാക്തീകരണ പരിപാടികള്‍. പ്രകൃതിക്ക് അനുകൂലവും ചിലവ് കുറഞ്ഞതുമായ പൊതുഗതാഗതം ജനങ്ങളുടെ ജീവിതത്തിന്റെ ആയാസം കുറയ്ക്കുന്നു.
സംസ്‌കാരം
ഫിന്നിഷ് ജനങ്ങളുടെ ജീവിത രീതിയും സംസ്‌കാരവും തീര്‍ത്തും വ്യത്യസ്തമാണ്. പരസ്പരം താരതമ്യം ചെയ്യുന്ന ശീലം ഫിന്‍ലന്‍ഡുകാര്‍ക്ക് വളരെ കുറവാണ്. താരതമ്യം ചെയ്യല്‍ നിര്‍ത്തിയാല്‍ സന്തോഷം താനെ വന്നോളും എന്നാണ് അവരുടെ അഭിപ്രായം. ലളിതജീവിതമാണ് ഫിന്‍ലന്‍ഡുകാരുടെ മറ്റൊരു മുഖമുദ്ര. പണക്കാരാണ് പാവപ്പെട്ടവരാണ് എന്ന് കണ്ടാല്‍ തിരിച്ചറിയാനാകില്ല. ജീവിത രീതിയില്‍ പണക്കാരും പാവപ്പെട്ടവരും തമ്മില്‍ കാര്യമായ അന്തരമില്ല. ഷോ ഓഫ് ലൈഫ് സ്റ്റൈലുകളോട് ഒട്ടും താല്‍പര്യമില്ല. ഏത്രവലിയ കോടിപതിയായാലും പഴയ വാഹനവും പഴയ വീടുകളും തന്നെ ഉപയോഗിക്കും.
വര്‍ക്ക് ലൈഫ് ബാലന്‍സ്
എത്ര പ്രധാനപ്പെട്ട ജോലി ചെയ്യുന്നവരായാലും അത് ജീവിതത്തിന്റെ സന്തോഷത്തെ ഇല്ലാതാക്കരുതെന്ന് ഫിന്‍ലന്‍ഡുകാര്‍ക്ക് നിര്‍ബന്ധമാണ്. ടോക്‌സിക്കായ തൊഴിലിടങ്ങള്‍ വളരെ കുറവ്. തൊഴിലാളികള്‍ക്ക് ഉയര്‍ന്ന പ്രതിഫലവും കുറഞ്ഞ ജോലി സമയവും. മറ്റ് രാജ്യങ്ങളേക്കാള്‍ അവധികള്‍ കൂടുതലാണ് ഇവിടെ. അവധി സമയത്ത് ജോലി ചെയ്യാന്‍ പാടില്ല. തൊഴിലിടങ്ങള്‍ തൊഴിലാളി സൗഹൃദമാക്കാന്‍ സര്‍ക്കാരുകളും ഇടപെടുന്നു.
മാനസിക ആരോഗ്യം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മികച്ച അവബോധമുള്ളവരാണ് ജനങ്ങള്‍. ഭരണകൂടങ്ങളും പൗരന്മാരുടെ മാനസികോരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നു. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി നിരവധി പദ്ധതികളും സംവിധാനങ്ങളും സര്‍ക്കാര്‍ സൗജന്യമായി നടപ്പിലാക്കി വരുന്നു. മാനസിക പ്രശ്‌നങ്ങള്‍ തുറന്നു പറയുന്ന മോശം കാര്യമല്ല എന്നത് പരസ്പരം ഓര്‍മ്മിപ്പിക്കുന്നു.
ഇവയോടൊപ്പം കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ലിംഗസമത്വം, വിദ്യാഭ്യാസ നിരക്ക്, ജനങ്ങള്‍ക്ക് സര്‍ക്കാരിലും പൊതുസ്ഥാപനങ്ങളിലുമുള്ള വിശ്വാസം തുടങ്ങിയ ഘടകങ്ങളും ഫിന്‍ലന്‍ഡിലെ ജനങ്ങളെ സന്തോഷമുള്ളവരാക്കി മാറ്റുന്നു.
Content Highlights: things that make Finland happiest country in world