ജപ്പാന്‍ കാണാന്‍ ആഗ്രഹമുണ്ടോ? ഈ പുതിയ നിയമങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും

ക്യോട്ടോ | Photo: AFP
ക്യോട്ടോ | Photo: AFP

അന്താരാഷ്ട്ര ടൂറിസം മാര്‍ക്കറ്റിലെ ഏറ്റവും പുതിയ സെന്‍സേഷനാണ് ജപ്പാന്‍. കാഴ്ചകളുടെ വൈവിധ്യങ്ങളും കുലീനമായ സംസ്‌കാരവും വ്യത്യസ്തമായ ഭക്ഷണവും മനോഹരമായ ഭൂപ്രകൃതിയുമൊക്കെയാണ് ജപ്പാനെ ലോകടൂറിസത്തില്‍ അടയാളപ്പെടുത്തുന്നത്. കോവിഡാനന്തരം ജപ്പാനിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ സഞ്ചാരികള്‍ വര്‍ധിച്ചത് കൊണ്ട് തന്നെ ടൂറിസവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ജപ്പാന്‍ പല മാറ്റങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

മികച്ച ആതിഥേയ സംസ്‌കാരം മുറുകെ പിടിക്കുമ്പോഴും അമിത ടൂറിസം മൂലമുണ്ടായക്കേവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ജപ്പാന് ആശങ്കകളുമുണ്ട്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുമ്പോഴും അത് ജപ്പാന്റെ സംസ്‌കൃതിയയെും ജനജീവിതത്തെയും പരിസ്ഥിതിയെയും ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളും ജപ്പാന്‍ ഭരണകൂടം കൈക്കൊള്ളുന്നുണ്ട്. ജപ്പാനിലേക്ക് യാത്രപോകാനൊരുങ്ങുന്ന സഞ്ചാരികള്‍ ഇത്തരം പുതിയ നിയമങ്ങളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫുജി പര്‍വതത്തിലെ നിയന്ത്രണങ്ങള്‍

ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. എല്ലാ വര്‍ഷവും നിരവധി പര്‍വതാരോഹകരും സഞ്ചാരികളും ഈ പര്‍വതം കയറാനായി എത്താറുണ്ട്. ഈ സമീപകാലത്താണ് ഫുജി പര്‍വതത്തില്‍ ജപ്പാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നിശ്ചിത എണ്ണം സഞ്ചാരികളെ മാത്രമേ പര്‍വതത്തിലേക്ക് കയറ്റിവിടുകയുള്ളു. അതോടൊപ്പം പര്‍വതത്തിലേക്ക് പ്രവേശിക്കാന്‍ ഫീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിതമായ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഈ നടപടി.

Mount Fuji | Photo: AFP

സഞ്ചാരികള്‍ ഫുജിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. പര്‍വാതാരോഹണത്തിനിടെ പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായതോടെയാണ് പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടല്‍. ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുക. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ് 3,776 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഫുജി. ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്‌നിപര്‍വതമാണ്.

ഗെയ്ഷകളെ അപമാനിച്ചാല്‍ പിടിവീഴും

ജപ്പാന്റെ സാംസ്‌കാരിക സൗന്ദര്യത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ക്യോട്ടോ അതിമനോഹരമായ നിരവധി കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. സുന്ദരമായതെല്ലാം ക്യോട്ടോയിലാണ് ഉണ്ടായതെന്നൊരു ചൊല്ലുണ്ട് ജപ്പാനില്‍. മൂന്നു വശം മലകളും രണ്ടു മഹാനദികളും കാക്കുന്ന ഈ മനോഹരനഗരത്തിലാണ് ജാപ്പനീസ് ശില്‍പ്പകലയും നൃത്തകലയും സംഗീതവുമൊക്കെ തഴച്ചുവളര്‍ന്നത്. 1300 വര്‍ഷം പഴക്കമുള്ള കിയോമിസു ദേര ക്ഷേത്രവും 600 വര്‍ഷം പഴക്കമുള്ള കിന്‍കാ കൂജി സുവര്‍ണക്ഷേത്രവും ജപ്പാന്‍ ഇംപീരിയല്‍ പാലസും ഇവിടെയാണ്. ഗെയ്ഷകളെന്ന മനോരഞ്ജിനികളായ കലാദേവതകളുടെ നഗരംകൂടിയാണ് ക്യോട്ടോ.

ഗെയ്ഷ

ഗെയ്ഷകളെ കാണാനായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ക്യോട്ടോയിലെ ഗിയോണ്‍ ജില്ലയിലെത്താറുണ്ട്. എന്നാല്‍ ഇവരുടെ സംരക്ഷിത ഭവനങ്ങളിലേക്കുള്ള അമിതമായ സഞ്ചാരി പ്രവാഹവും ഗെയ്ഷകളോടുള്ള മോശമായ പെരുമാറ്റവും കാരണം കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സമീപകാലത്ത് കൊണ്ടുവന്നത്. ഗിയോണിന്റെ പല പ്രദേശങ്ങളിലും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സമ്പൂര്‍ണ വിലക്കാണ്. പ്രവേശനങ്ങളുള്ള പല സ്ഥലങ്ങളിലും ഫോട്ടോഗ്രാഫിക്ക് വിലക്കുകളുണ്ട്. അനുമതിയില്ലാതെ ചിത്രങ്ങളെടുത്താല്‍ കടുത്ത പിഴയും ഈടാക്കും. 

അലഞ്ഞുതിരിയാന്‍ ഒരു വിസ

വിനോദസഞ്ചാരികള്‍ക്ക് അനുകൂലമായി ജപ്പാനില്‍ വൈകാതെ വരാന്‍ പോകുന്ന നിയമമാണ് ഡിജിറ്റല്‍ നൊമാഡ് വിസ. കോവിഡിന് ശേഷമാണ് സഞ്ചാരികള്‍ക്ക് കൂടുതല്‍ സ്വാതന്ത്രങ്ങള്‍ നല്‍കുന്ന ഇത്തരം നൊമാഡ് വിസകള്‍ പല രാജ്യങ്ങളും ഏര്‍പ്പെടുത്തിയത്. ഈ വിസയെടുക്കുന്ന ഒരു സഞ്ചാരിക്ക് സ്വന്തം ജോലികള്‍ ഓണ്‍ലൈനായി ചെയ്ത് കൂടുതല്‍ കാലം ആ രാജ്യത്ത് താമസിച്ച് കാഴ്ചകള്‍ ആസ്വദിക്കാന്‍ സാധിക്കും. ജപ്പാന്‍ ഏര്‍പ്പെടുത്തുന്ന ഡിജിറ്റല്‍ നൊമാഡ് വിസയിലൂടെ ഒരു സഞ്ചാരിക്ക് ആറ് മാസം വരെ ജപ്പാനില്‍ താമസിച്ച് കാഴ്ചകള്‍ കാണാന്‍ സാധിക്കും. ജപ്പാന്റെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വേണ്ടിയാണ് ഈ വിസ കൊണ്ടുവരുന്നത്. വര്‍ക്ക് ഫ്രം ഹോം, റിമോര്‍ട്ട് ജോലികള്‍ ഉള്ളവര്‍ക്കും ഏറെ സഹായകരമായിരിക്കും ഈ വിസ. നേരത്തെ കൊറിയയും സമാനമായ നൊമാഡ് വിസകള്‍ കൊണ്ടുവന്നിരുന്നു. പക്ഷെ ഈ വിസയില്‍ പോയി ജപ്പാനില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: recently launched rules, japan travel