പരിസ്ഥിതിയെ വേദനിപ്പിക്കാത്ത യാത്രകളാണോ ലക്ഷ്യം? സുസ്ഥിര ടൂറിസമുള്ള ഈ രാജ്യങ്ങളില്‍ പോകാം

ആഗോള തലത്തില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന ടൂറിസം മാതൃകകളിലൊന്നാണ് സുസ്ഥിര ടൂറിസം. പരിസ്ഥിതി സൗഹൃദമായി, പ്രാദേശിക ജനവിഭാഗങ്ങളെ കൂടെ പരിഗണിച്ച്, ഉത്തരവാദിത്വ മാതൃകളിലൂടെയുള്ള ടൂറിസം രീതിയാണ് ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സമീപകാലത്ത് സുസ്ഥിര ടൂറിസത്തിലേക്ക് മാറിയത്. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ പോലുള്ള സംവിധാനങ്ങളും സുസ്ഥിര ടൂറിസം മാതൃകകളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. വലിയൊരു വിഭാഗം സഞ്ചാരികളും ഇപ്പോള്‍ യാത്രകള്‍ക്കായി സുസ്ഥിര ടൂറിസം കേന്ദ്രങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. ഭൂമിക്കും മനുഷ്യര്‍ക്കും അനുകൂലമായുള്ള സുസ്ഥിര ടൂറിസം പിന്തുടരുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.
ഭൂട്ടാന്‍
വരുംതലമുറയ്ക്കായി രാജ്യത്തിന്റെ 60 ശതമാനം വനഭൂമിയായി സംരക്ഷിക്കുന്ന ലോകത്തിലെ ആദ്യ ജൈവ കാര്‍ഷിക രാജ്യമാണ് ഭൂട്ടാന്‍. പുകയില നിരോധിച്ച ലോകത്തെ ആദ്യരാജ്യം. 2005 ലാണ് ചരിത്രപരമായ ആ തീരുമാനം അവര്‍ നടപ്പാക്കിയത്. മരങ്ങള്‍ വെട്ടുന്നതിന് ഭൂട്ടാനില്‍ കര്‍ശന നിയന്ത്രണമുണ്ട്. 2015 ല്‍ ഒറ്റ മണിക്കൂറില്‍ 46,672 മരങ്ങള്‍ നട്ട് അവര്‍ ഗിന്നസ് റെക്കോഡ് നേടി. വേട്ടയാടല്‍ നിരോധിച്ചിരിക്കുന്നു. രാജ്യം പുറം തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനെ പൂര്‍ണമായും അതിലധികവും മരങ്ങള്‍ ആഗിരണം ചെയ്യുന്നു. പ്രതിവര്‍ഷം 90 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യുമ്പോള്‍ പുറന്തള്ളുന്നത് 40 ലക്ഷം ടണ്ണില്‍ താഴെ മാത്രമാണ്. പരിസ്ഥിതിയെ മറന്ന് ഭൂട്ടാന് ഒരു ജീവിതമില്ല. രാജ്യത്തിന്റെ ആകെ ഭൂപ്രകൃതിയുടെ 60 ശതമാനവും സംരക്ഷിത വനമായി എക്കാലവും നിലനിര്‍ത്തണമെന്ന് രാജ്യത്തിന്റെ ഭരണഘടന തന്നെ അനുശാസിക്കുന്നു.
കോസ്‌റ്റോറിക്ക
ലോകത്ത് സുസ്ഥിര ടൂറിസത്തിന് ഏറ്റവും പേരുകേട്ട രാജ്യങ്ങളിലൊന്നാണ് കോസ്‌റ്റോറിക്ക. 28 ദേശീയ ഉദ്യാനങ്ങളും 58 വന്യജീവി കേന്ദ്രങ്ങളും 11 ഫോറസ്റ്റ് റിസര്‍വുകളും 8 ബയോളജിക്കല്‍ റിസര്‍വുകളും 15 തണ്ണീര്‍ത്തടങ്ങളും നിരവധി കണ്ടല്‍വനങ്ങളുമെല്ലാമായി സമ്പന്നമായ പരിസ്ഥിതി സമ്പത്തുള്ള ഈ രാജ്യം ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്ന എക്കോ ടൂറിസം മാതൃകളാണ് ഇവിടെ പിന്‍പറ്റുന്നത്. സഞ്ചാരികള്‍ക്കായി എക്കോ ലോഡ്ജുകളും, വനയാത്രകളും, കമ്മ്യൂണിറ്റി ബേസ്ഡ് ടൂറിസവുമെല്ലാമൊരുക്കി കോസ്‌റ്റോറിക്ക സുസ്ഥിര ടൂറിസത്തിന്റെ മുന്നില്‍ നടക്കുന്നു. സംരക്ഷിത പ്രദേശങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലാണ് വിനോദസഞ്ചാര പ്രവര്‍ത്തങ്ങള്‍. ആദിവാസി സമൂഹങ്ങളെ കൂടെ വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കി അവരെ ശാക്തീകരിക്കുന്നു.
നോര്‍വേ
അതിമനോഹരമായ ഭൂപ്രകൃതി കൊണ്ട് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് നോര്‍വെ. ശക്തമായ പാരിസ്ഥിതിക നിലപാടുകള്‍ കൊണ്ടും ഈ രാജ്യം പ്രശസ്തമാണ്. സഞ്ചാരികള്‍ക്കായി പരിസ്ഥിതി സൗഹൃദ താമസം, ഉത്തരവാദിത്വ വനസഞ്ചാരം എന്നിവയെല്ലാമാണ് നോര്‍വേ മുന്‍പോട്ട് വെക്കുന്നത്. ഗതാഗതത്തിലും പരിസ്ഥിതി നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രീന്‍ ട്രാവല്‍ എന്ന സ്‌കീമിലൂടെ ഇലക്ട്രിക് ബസുകളെയും സൈക്കിളുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഏതാനും ഡസ്റ്റിനേഷനുകളില്‍ ഒതുക്കാതെ രാജ്യത്തുടനീളം സുസ്ഥിര ടൂറിസം ഉയര്‍ത്തിപ്പിടിക്കാനാണ് നോര്‍വേ ശ്രമിക്കുന്നത്.
ന്യൂസിലാന്‍ഡ്
അതിമനോഹരമായ പരിസ്ഥിതിയെ സുസ്ഥിര ടൂറിസം മാതൃകളിലൂടെ നിലനിര്‍ത്തുന്ന രാജ്യമാണ് ന്യൂസിലാന്‍ഡ്. ഹൈക്കിങ്, കയാക്കിങ്, വനനിരീക്ഷണം തുടങ്ങി പരിസ്ഥിതി സൗഹൃദമായ നിരവധി വിനോദസഞ്ചാര ആക്ടിവിറ്റികള്‍ക്ക് പ്രാധാന്യം നല്‍കുന്നു. പരിസ്ഥിതി സൗഹൃദ താമസ സൗകര്യങ്ങള്‍, ദേശീയ ഉദ്യാനങ്ങളുടെ സംരക്ഷണം, തദ്ദേശീയ ജനതയുടെ ശാക്തീകരണം തുടങ്ങി സുസ്ഥിര സുസ്ഥിര ടൂറിസത്തിന്റെ പുതിയ പാഠങ്ങളാണ് ന്യൂസിലാന്‍ഡ് ലോകത്തിന് നല്‍കുന്നത്. പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് വിനോദസഞ്ചാരത്തിലൂടെ തൊഴിലവസരവും വരുമാന മാര്‍ഗവും സൃഷ്ടിക്കുന്നു. തനതായ സാംസ്‌കാരിക പൈതൃകങ്ങള്‍ അവയ്ക്ക് കോട്ടം തട്ടാതെ സഞ്ചാരികള്‍ക്ക് മുന്‍പിലെത്തിക്കുന്നു.
കെനിയ
വൈല്‍ഡ് ലൈഫ് ടൂറിസത്തിന് ലോകത്തിലേറ്റവും പ്രശസ്തമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് കെനിയ. രാജ്യത്തുള്ള വന- വന്യജീവി സമ്പത്തിനെ സുസ്ഥിരമായ മാര്‍ഗങ്ങളിലൂടെ എങ്ങനെ ടൂറിസത്തിനായി ഉപോയഗപ്പെടുത്താം എന്ന പാഠമാണ് കെനിയ ലോകത്തിന് നല്‍കുന്നത്. മാസായി മാരപോലുള്ള ലോകപ്രശസ്തമായ നാഷണല്‍ പാര്‍ക്കുകളില്‍ പരിസ്ഥിതി സൗഹൃദമായ, സുസ്തിരമായ ടൂറിസം പദ്ധതികളാണ് കെനിയ നടപ്പിലാക്കുന്നത്. നാഷണല്‍ പാര്‍ക്കുകളുടെ സംരക്ഷണത്തിലും അവിടുത്തെ ടൂറിസം പ്രവര്‍ത്തനങ്ങളിലും തദ്ദേശീയ ജനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. അതിലൂടെ മാസായി ട്രൈബ് പോലുള്ള ഗോത്ര സമുദായങ്ങളുടെ ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുന്നു. ഗോത്രവര്‍ഗങ്ങളുടെ ജീവിത രീതിയും സംസ്‌കാരവുമെല്ലാം അടുത്തറിയാനുള്ള സുവര്‍ണാവസരങ്ങളും സഞ്ചാരികള്‍ക്ക് ലഭിക്കുന്നു. വൈല്‍ഡ്‌ലൈഫ് സഫാരികളും ക്യാംപിങ്ങുകളും നടത്തുമ്പോഴും അമൂല്യമായ വന്യജീവി സമ്പത്തിനെ മികച്ച രീതിയില്‍ സംരക്ഷിക്കുന്നു.
Content Highlights: five sustainable travel destinations to visit in 2024