'ഒഴുകുന്ന വിസ്മയനഗരം'; വെള്ളച്ചാട്ടം മുതൽ ആകാശപ്പാത വരെ, കടലിൽ ചരിത്രം കുറിക്കാൻ ഐക്കൺ ഓഫ് ദ സീസ്

'നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ?' 'ഐക്കൺ ഓഫ് ദ സീസ്' എന്ന ആഡംബര കപ്പലിന്റെ വിവരണം കണ്ട ഒരാൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇപ്രകാരമായിരുന്നു. അത്രയ്ക്കും ആശ്ചര്യകരമാം വിധത്തിലാണ് ഐക്കൺ ഓഫ് ദ സീസ് എന്ന കപ്പലിന്റെ നിർമാണം. ഒരു നഗരം ഒഴുകുന്നതുപോലെയുള്ള കപ്പൽ കടലിലൊഴുകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ, ആഡംബരക്കപ്പലിന്റെ അവസാനവാക്കായിരുന്ന ടൈറ്റാനിക്കിനേക്കാൾ അഞ്ചിരട്ടി വലിപ്പം, ഇരുപത് നിലകൾ, നാല്പതോളം ബാറുകൾ, വാട്ടർപാർക്ക്, വെള്ളച്ചാട്ടം... മനുഷ്യനിർമിതമായ എല്ലാ സൗകര്യങ്ങളും കൂടിച്ചേർന്ന 'ഐക്കൺ ഓഫ് ദ സീസ്' ജനുവരി 27-ന് കടൽപ്പരപ്പിൽ വിസ്മയം തീർക്കും. ആദ്യ യാത്രയിൽ പതിനായിരത്തോളം പേരെ വഹിച്ചുകൊണ്ട് കപ്പൽ ഓളപ്പരപ്പിൽ ചരിത്രമെഴുതും. സാക്ഷ്യം വഹിക്കാൻ തീരത്തും കടലിലും ആൾക്കൂട്ടം കാഴ്ചക്കാരാകും.
മുൻനിര കപ്പൽ കമ്പനിയായ റോയൽ കരീബിയനാണ് ഐക്കൺ ഓഫ് ദ സീസിന്റെ ഉടമസ്ഥർ. ഫിന്‍ലന്‍ഡിലെ മെയര്‍ ടുര്‍ക്കുവിലായിരുന്നു നിര്‍മാണം. ലോകത്ത് ഇതിനുമുമ്പും ആഢംബര കപ്പലുകൾ നീറ്റിലിറക്കിയിട്ടുണ്ട് റോയൽ കരീബിയൻ. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ഇപ്പോൾ ഐക്കൺ ഓഫ് ദ സീസിന്റെ രംഗപ്രവേശം. തീർത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് അവകാശവാദം. ആദ്യപരീക്ഷണ യാത്ര കഴിഞ്ഞ ജൂണിൽ പൂർത്തിയായിരുന്നു. ഇതിന് പിന്നാലെ നിർമാണശാലയിൽ നിന്ന് കപ്പൽ റോയൽ കരീബിയന് കൈമാറിയിരുന്നു. ആദ്യ പ്രയാണത്തിനായി ജനുവരി രണ്ടിന് കപ്പൽ പ്യൂർട്ടോറിക്കോയിലെത്തിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്ലോറിഡയിലെ മിയാമിയിൽ നിന്നായിരിക്കും കപ്പലിന്റെ ആദ്യ യാത്ര.
Content Highlights: icon of the seas ship, The World's Biggest Ship