കൂറ്റന്‍ ആമകള്‍, പെന്‍ഗ്വിനുകള്‍, ഇഗ്വാനകള്‍; ചാള്‍സ് ഡാര്‍വിന്റെ സ്വന്തം ഗാലപ്പഗോസില്‍ കറങ്ങാം

ഗാലപ്പഗോസ് | Photo: galapagosislands.com/
ഗാലപ്പഗോസ് | Photo: galapagosislands.com/

ലോകയാത്രകള്‍ നടത്തുമ്പോള്‍ സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ മാറി ചിന്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ വലിയൊരു വിഭാഗം സഞ്ചാരികളും. മാലദ്വീപിനും ഹവായ്ക്കും ബാലിക്കും യൂറോപ്യന്‍ നഗരങ്ങള്‍ക്കും അപ്പുറത്ത് ഈ ലോകം കാത്തുവെച്ചിട്ടുള്ള വിസ്മയങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണവര്‍. സഞ്ചാരി പ്രവാഹത്തില്‍ വീര്‍പ്പുമുട്ടുന്ന നാടുകള്‍പ്പുറത്തേക്ക് ഇത്തരം സഞ്ചാരികള്‍ തേടിയെത്തുന്ന ഇടങ്ങളിലൊന്നാണ് പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകള്‍. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്താല്‍ ചരിത്ര പ്രശസ്തമായ വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതിയും മൃഗസമ്പത്തുമുള്ള ഗാലപ്പോസ് ദ്വീപുകള്‍, ഒരപൂര്‍വ യാത്രാനുഭവമായിരിക്കും ഓരോ സൃഷ്ടിക്കുക.

ദക്ഷിണ അമേരിക്കയിലെ ഇക്വഡോറില്‍നിന്ന് ഏകദേശം ആയിരം കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഒരുകൂട്ടം ദ്വീപുകളാണ് ഗാലപ്പഗോസ് ദ്വീപുകള്‍. 13 വലിയ ദ്വീപുകള്‍, ആറ് ചെറിയ ദ്വീപുകള്‍, അനേകം ഛിന്നദ്വീപുകള്‍, പാറക്കൂട്ടങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് ഈ ദ്വീപസമൂഹം. മൊത്തം 8010 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദ്വീപുകള്‍ 59,500 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ ചിതറിക്കിടക്കുന്നു. മുപ്പത്തിമൂവായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന, ഇക്വഡോറിന്റെ ഭാഗമായ ഒരു പ്രവിശ്യയാണ് ഇന്ന് ഗാലപ്പഗോസ് ദ്വീപുകള്‍. 

1535-ല്‍ അന്നത്തെ പാനമ ബിഷപ്പ് ആയിരുന്ന ഫ്രൈ തോമാസ് ദെ ബെര്‍ലാന്‍ഗ (Fray Tomas de Berlanga) യുടെ വിവരണത്തിലൂടെയാണ് ഗാലപ്പഗോസ് ദ്വീപിനെ പുറംലോകമറിയുന്നത്. പെറുവിലേക്കുള്ള യാത്രാമധ്യേ ശക്തമായ കടലൊഴുക്കില്‍പ്പെട്ട് വഴിതെറ്റിയാണ് 1535 ഫെബ്രുവരി പത്തിന് ബിഷപ്പും സംഘവും അജ്ഞാതമായ ആ ദ്വീപസമൂഹത്തിലെത്തിപ്പെട്ടത്. അതുവരെ കാണാത്ത അനേകം വിചിത്രജീവികളെയും അവര്‍ ദ്വീപുകളില്‍ കണ്ടുമുട്ടി. ആളുകളെ പുറത്ത് കയറ്റാന്‍തക്ക വലുപ്പമുള്ള കൂറ്റന്‍ ആമകളായിരുന്നു അവയില്‍ പ്രധാനപ്പെട്ടത്. സ്പാനിഷ് ഭാഷയില്‍ 'ഗാലപ്പഗോ' എന്നാല്‍ ആമ എന്നാണര്‍ഥം. അങ്ങനെയാണ് പുതുതായി കണ്ടുപിടിക്കപ്പെട്ട ആ ദ്വീപുകള്‍ ഗാലപ്പഗോസ് ദ്വീപുകളായത്.

ഗാലപ്പഗോസ് ദ്വീപുകള്‍ ലോകപ്രശസ്തമാകുന്നത് പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ സന്ദര്‍ശനത്തോടെയാണ്. 1831 ഡിസംബര്‍ 27 മുതല്‍ 1836 ഒക്ടോബര്‍ 2 വരെ സമുദ്രപര്യടനം നടത്തിയ എച്ച്.എം.എസ്. ബീഗിള്‍ എന്ന ബ്രിട്ടീഷ് കപ്പലില്‍ പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1835 സെപ്റ്റംബര്‍ 15-നാണ് ഗാലപ്പഗോസില്‍ എത്തിയത്. അദ്ദേഹത്തെ ഏറ്റവുമധികം ആകര്‍ഷിച്ചത് അവിടെക്കണ്ട ഭീമന്‍ ആമകളും വിവിധതരം പക്ഷികളുമായിരുന്നു. 1978ല്‍ യുനെസ്‌കോ (UNESCO) ഗാലപ്പഗോസ് ദ്വീപുകളെ ഒരു ലോക പൈതൃകസ്ഥാനമായി (World Heritage Site) പ്രഖ്യാപിച്ചു. ഇക്വഡോറിന്റെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക് കൂടിയാണ് ഗാലപ്പഗോസ്. നിലവില്‍ ഓരോ വര്‍ഷവും 275,000 ത്തോളം സഞ്ചാരികള്‍ ഓരോ വര്‍ഷവും ഇവിടെയെത്താറുണ്ട്.

ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കടലില്‍ ജീവിക്കുന്ന ഇരുപത് ശതമാനം ജീവികളെയും ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാന്‍ കഴിയില്ല. കടലില്‍ ജീവിക്കുന്ന ഒരേയൊരു ഇഗ്വാന ഇവിടെയാണുള്ളത്. ഭീമന്‍ ആമകള്‍ക്കും കടല്‍ ഇഗ്വാനയ്ക്കും പുറമേ കൗതുകമുണര്‍ത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെന്‍ഗ്വിനാണ്. ഭൂമധ്യരേഖയ്ക്ക് വടക്ക് ജീവിക്കുന്ന ഒരേയൊരു പെന്‍ഗ്വിനാണിത്. പരിസ്ഥിതിയും വന്യജീവി സമ്പത്തും കാണാനെത്തുന്ന ശാസ്ത്ര കുതുകികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പുറമെ ഗാലപ്പഗോസിന്റെ ബീച്ചുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും നിരവധിയാണ്. മികച്ചൊരു ഹണിമൂണ്‍, സ്‌കൂബ ഡൈവിങ്, സ്‌നോര്‍കലിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ് ഗാലപ്പഗോസ്. അഡ്വഞ്ചര്‍ ക്രൂസുകളില്‍ കറങ്ങി ദ്വീപുകളുടെ സൗന്ദര്യമാസ്വദിക്കുന്നവരും കുറവല്ല. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഗാലപ്പഗോസ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചതെങ്കിലും എല്ലാ സീസണുകളിലും സഞ്ചാരികളെത്താറുണ്ട്. ദ്വീപുകളിലെ മികച്ച ഹോട്ടലുകളിലും കടലിലെ ആഡംബര ക്രൂസുകളിലും താമസിക്കാം. ലോകോത്തര നിലവാരത്തിലുള്ള റെസ്‌റ്റോറന്റുകളും ഇവിടുണ്ട്. ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഗാലപ്പഗോസിലേക്ക് നേരിട്ടും ഇക്വഡോര്‍ വഴിയും വിമാന സര്‍വീസുകള്‍ ലഭ്യമാണ്. പ്രമുഖ ആഗോള ട്രാവല്‍ ഏജന്‍സികളെല്ലാം തന്നെ ഇങ്ങോട്ട് പാക്കേജുകളും ചെയ്യുന്നുണ്ട്.

Content Highlights: galapagos islands ecuador travel destination