ഈ കാടു കടന്നാൽ യഥാർഥ വയൽനാടിന്റെ ചേലായി, വയലുകളുടെ സുഗന്ധമായി

ഒരു മഴക്കാലം പച്ച പുതപ്പിച്ച കാടിനുള്ളിലെ നനഞ്ഞ് കുതിര്‍ന്ന ചേകാടിയെ കാണാന്‍ വല്യ ചേലാണ്. നാല് ഭാഗവും അതിരിടുന്ന കാട് കടന്ന് ചേകാടിയിലെത്തുമ്പോള്‍ ഈ ഗ്രാമം കൃഷിപ്പണിയുടെ തകൃതിയിലാണ്. വിശാലമായ വയലില്‍ പച്ചയും ചുവപ്പും അതിരിട്ട് കൃഷിഭൂമികള്‍. നീളവും വീതിയുമൊന്നും അളന്ന് മുറിച്ചിട്ടില്ലാത്ത ഒന്നിനൊന്ന് വേറിട്ട പരപ്പുകളില്‍ വയല്‍ക്കാഴ്ചകള്‍. ചെറുതും വലുതമായ പച്ചക്കള്ളികളൊരുക്കി നിറയെ ഞാറ്റുപാടങ്ങള്‍. നിരനിരയായി വേഗത്തില്‍ നട്ടുപോകുന്ന ഗന്ധകശാല പാടങ്ങളില്‍ ഇര പിടിക്കുന്ന കൊക്കുകളുടെ കാഹളം. ഇക്കാലം വരെയും നെല്‍കൃഷിയെ ഉപേക്ഷിക്കാത്ത നാട്ടിന്‍ പുറത്തിന്റെ നന്മകളാണ് ചേകാടിയുടെയും വിലാസം. ചെളിമെഴുകിയ വരമ്പുകള്‍ കടന്ന് ഈണത്തില്‍ നെല്ലു നാട്ടുന്ന ഗ്രാമീണര്‍. പരസ്പരം കുശലം പറഞ്ഞ് കാടിറങ്ങിവരുന്ന മഴയെ പുണര്‍ന്ന് ചേകാടിക്ക് ഒരു മഴക്കാലത്തിന്റെ ഉത്സവമേളം.
കാടിനെ തൊടുന്ന വയലിറമ്പങ്ങളിലാണ് അടിയരുടെയും ആദിവാസികളുടെയും തമ്പുകള്‍. പച്ചപ്പിനുള്ളിലെ മഴയില്‍ കുതിര്‍ന്ന ഇറ താണ കൂടാരങ്ങള്‍. ഈ ഇറയത്ത് നിന്നാണ് ചേകാടിയിലെ വയല്‍ക്കാഴ്ചകള്‍ ഏറെ സുന്ദരം. പുല്ലിറകളില്‍ നിന്നും താളം പിടിച്ച് ഉതിര്‍ന്നുവീഴുന്ന മഴയ്‌ക്കൊപ്പം കുഴലൂത്തുമായി കാറ്റുമെത്തും. തണുത്ത് വിറയ്ക്കുന്ന കൈകള്‍ കൂട്ടി തിരുമ്മി കരിപ്പെട്ടിയിട്ട കറുത്ത വയനാടന്‍ ചൂട് കാപ്പി ഊതിക്കുടിച്ചാണ് ഇവര്‍ തണുപ്പിനെ കാടതിർത്തി കടത്തുക. നെല്‍കൃഷിയുടെ കാലമായാല്‍ അതിരാവിലെ തന്നെ ഗ്രാമമുണരും. കാട്ടിലെ മഴ തോര്‍ന്നാലും മഞ്ഞായി പെയ്തുകൊണ്ടേയിരിക്കും. കോടമഞ്ഞിനെ വകഞ്ഞുവേണം വയലിലേക്ക് നടക്കാന്‍. ഒരു ഭാഗം തട്ടുതട്ടായുള്ള വയലാണ്. ഇവിടെ ഒരു പാടത്ത് നിന്നും അടുത്ത പാടത്തേക്ക് മടയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം കാതില്‍ പതിയും. ചേറില്‍ മുങ്ങിയ പാടത്ത് കാലത്ത് തന്നെ ഇരപിടിയന്‍ കൊക്കുകളുടെ നീണ്ട നിരയുണ്ട്. നിരനിരയായി നാട്ടിപ്പണിക്കായി രാവിലെയെത്തുന്ന ഗ്രാമീണരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ വരമ്പുകള്‍. ചേകാടിയുടെ ഉണര്‍ത്തുപാട്ടുമായി മഴയും വട്ടക്കുടകളില്‍ താളം പിടിക്കുന്നതോടെ ഒരു കൃഷിദിനം തുടങ്ങുകയായി.
Content Highlights: Chekadi agricultural village in Wayanad travel destination farm tourism