ചെലവ് ഏറ്റവും കുറവ്‌, ഇന്ത്യക്കാര്‍ക്ക് വിസ വേണ്ടാത്ത രാജ്യം; റോഡ് മാര്‍ഗവും പോകാം

ഭൂട്ടാന്‍ | Photo: Canva
ഭൂട്ടാന്‍ | Photo: Canva

ര്‍ണശബളിതമായ കൊടിതോരണങ്ങളാല്‍ അലംകൃതമായ വഴികള്‍... ആധ്യാത്മികനിറവിന്റെ സ്തംഭങ്ങളായ വലിയ ക്ഷേത്രങ്ങളും ബുദ്ധശില്പങ്ങളും. ഒപ്പം അനുഗ്രഹീതമായ പ്രകൃതിയും.... ഹിമാലയന്‍ചെരിവിലെ ഭൂട്ടാനെന്ന കുഞ്ഞുരാജ്യത്തിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിക്കും സ്വപ്നസാക്ഷാത്കാരമാണ്. മഹത്തായ മതസാംസ്‌കാരിക പൈതൃകത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സഞ്ചാരികളെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഭൂട്ടാന്‍. 

കണ്ടിരിക്കേണ്ട പ്രകൃതി മനോഹാരിതയും, സോങ് എന്ന് അറിയപ്പെടുന്ന കെട്ടിടങ്ങളുടെ നിർമാണ സൗന്ദര്യവും, മഞ്ഞും മലഞ്ചെരുവുകളിലൂടെയുള്ള യാത്രകളും ഒക്കെയാണ് ഭൂട്ടാനെ എന്നും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസിറ്റേഷനാക്കുന്നത്. തിംഫുവാണ് തലസ്ഥാനമെങ്കിലും രാജ്യത്തെ ഏക രാജ്യാന്തര വിമാനത്താവളം രണ്ടാമത്തെ നഗരമായ പാറോ താഴ് വരയിലാണ്. മലഞ്ചെരുവില്‍ നദിയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ലോകത്തിലെ വിമാനം ഇറക്കാന്‍ ഏറ്റവും വെല്ലുവിളിയുള്ള എയര്‍പോര്‍ട്ടുകളില്‍ ഒന്നാണ്. ആകെ 20 ല്‍ താഴെ പൈലറ്റുമാര്‍ക്ക് മാത്രമാണ് അവിടെ വിമാനം ഇറക്കാനുള്ള അംഗീകാരമുള്ളത്. ഇന്ത്യയില്‍ ഡല്‍ഹി, ഗുവാഹാട്ടി, ബെഗ്ദോഗ്ര എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഭൂട്ടാന്‍ എയര്‍ലൈന്‍സ് സര്‍വീസുണ്ട്. വിമാനയാത്ര ചെലവേറിയതും കാലാവസ്ഥയെ ആശ്രയിച്ചുമാണിരിക്കുന്നത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള യാത്രയാണ് റോഡ് മാര്‍ഗം ഏറ്റവും എളുപ്പം. 

ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഭൂട്ടാന്‍. അതിനാല്‍ തന്നെ ഈ മനോഹരമായ രാജ്യം സന്ദര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് വിസ എടുക്കേണ്ട ആവശ്യമില്ല. പകരം അതിര്‍ത്തിനഗരമായ ഫുവെന്റ്‌ഷോളിങില്‍ നിന്ന് പെര്‍മിറ്റ് എടുക്കണം. ഏഴ് ദിവസമാണ് ഈ പെര്‍മിറ്റിന്റെ കാലാവധി. റോഡ് മാര്‍ഗം പോകുന്നവര്‍ എല്ലാ ചെക്ക് പോയന്റുകളിലും ഈ പെര്‍മിറ്റ് കാണിച്ചാല്‍ മാത്രമേ ഭൂട്ടാനിലേക്ക് പ്രവേശിക്കാനാവുകയുള്ളു. ഏഴ് ദിവസത്തില്‍ കൂടുതല്‍ ഭൂട്ടാനില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തിംഫുവിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ ചെന്ന് പെര്‍മിറ്റ് നീട്ടി വാങ്ങണം. ഈ പെര്‍മിറ്റ് അപേക്ഷിക്കുന്നതിന് ഇന്ത്യക്കാരില്‍ നിന്ന് ഒരു രൂപ പോലും ഈടാക്കുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

പെര്‍മിറ്റിന് അപേക്ഷിക്കാന്‍ വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും. അതേ സമയം ഡ്രൈവിങ് ലൈസന്‍സും പാന്‍ കാര്‍ഡും അംഗീകരിക്കില്ല. കേരളത്തില്‍ നിന്ന് ഏറ്റവും കുറഞ്ഞ ചിലവില്‍ അവിടെ എത്താന്‍ കോയമ്പത്തൂരില്‍ നിന്ന് ബെഗ്‌ദോഗ്രയിലേക്ക് നേരത്തെ ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ നിരക്കിന് വിമാനടിക്കറ്റ് ലഭിക്കും. ഇനി അതല്ലെങ്കില്‍ ട്രെയിന്‍ മാര്‍ഗം ചെന്നൈയിലെത്തി അവിടെ നിന്ന് കൊല്‍ക്കത്തയിലെത്തി വീണ്ടും ട്രെയിന്‍മാര്‍ഗം സിലിഗുഡിയിലെത്തി ഭൂട്ടാനിലേക്ക് വീണ്ടും റോഡ് മാര്‍ഗം എത്തണം. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്ത- ബെഗ്ദോഗ്ര വഴിയെത്താം.

കാണേണ്ട സ്ഥലങ്ങള്‍

ഭൂട്ടാനിലെത്തിയാല്‍ മറക്കാതെ പോകേണ്ട ഇടമാണ് ടൈഗേഴ്സ് നെസ്റ്റ്. ഒരു ട്രെക്കിങ് അനുഭവം കൂടിയാണത്. അപൂര്‍വ്വമായ നിര്‍മ്മിതി അതിന്റെ സൗന്ദര്യം കിഴക്കാം തൂക്കായ പാറക്കെട്ടില്‍ എങ്ങനെ അത് പണിതെന്നതും കണ്ടിരിക്കേണ്ട അത്ഭുതമാണ്. ഹിന്ദി സംസാരിക്കുന്നവരാണ് ഏറെ. 90 ശതമാനം ജനങ്ങള്‍ക്കും ഹിന്ദി ഭാഷ അറിയാം. എന്‍ഗുള്‍ട്രം എന്നാണ് ഭൂട്ടാന്റെ കറന്‍സിയുടെ പേര്. ഇന്ത്യന്‍ രൂപയുടെ അതേ മൂല്യം. ഇന്ത്യന്‍ രൂപ നല്‍കിയാലും കടക്കാര്‍ സ്വീകരിക്കും, അതല്ലെങ്കില്‍ ഇന്ത്യന്‍ രൂപ കൊടുത്താല്‍ കറന്‍സി മാറ്റിക്കിട്ടും. തിംഫുവിലെ ബുദ്ധ ഡോര്‍നെമ ബുദ്ധന്റെ ഏറ്റവും വലിയ പ്രതിമകളില്‍ ഒന്നാണ്. 206 അടിയാണ് ഉയരം. വെങ്കലത്തില്‍ തീര്‍ത്ത ബുദ്ധന്‍ പത്മാസനത്തിലിരിക്കുന്ന പ്രതിമയില്‍ സ്വര്‍ണം പൂശിയിരിക്കുന്നു. പുനാക്ക താഴ്‌വരയാണ് മറ്റൊരു ഡെസ്റ്റിനേഷന്‍. ഡോച്ചുല പാസ്സിലെ ജീവത്യാഗം ചെയ്ത സൈനികരുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങള്‍ ഇവിടെയുണ്ട്.  താഴ്വരയെത്തിയാല്‍ പുനാക്ക സോങ് കാണാം.

Content Highlights: bhutan travel guide for Indian tourists