മങ്ങാട് മിനി സ്‌റ്റേഡിയം; കരിങ്കൽ ചുറ്റുമതിൽ തകർന്നു

നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്
എരുമപ്പെട്ടി : എരുമപ്പെട്ടി പഞ്ചായത്തിന്റെ മങ്ങാട് മിനി സ്റ്റേഡിയത്തിന്റെ കരിങ്കൽ ചുറ്റുമതിൽ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഗവ. ആയുർവേദ ഡിസ്‌പെൻസറി റോഡിലേക്ക് മതിൽ തകർന്നുവീണത്. നിർമാണത്തിലെ അപാകവും അഴിമതിയുമാണ് മതിൽ തകരാൻ കാരണമെന്ന് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ ആരോപിച്ചു. ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
എരുമപ്പെട്ടി പഞ്ചായത്ത് മുൻ എൽ.ഡി.എഫ്. ഭരണസമിതി 2025-26 വർഷികപദ്ധതിയിൽ 23.20 ലക്ഷം രൂപയാണ് സ്റ്റേഡിയം നിർമാണത്തിന് വകയിരുത്തിയിരുന്നതെന്ന് പറയുന്നു. ആദ്യഘട്ടം ചുറ്റുമതിൽ നിർമാണം കഴിഞ്ഞ് ഒരുവർഷം പൂർത്തിയാകുംമുൻപേ തകർന്നു. നിർമാണത്തിൽ അപാകമുണ്ടെന്നും മതിൽ തകരുമെന്നും വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം എം.ബി. വിജീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞ അഞ്ചുവർഷം എരുമപ്പെട്ടി പഞ്ചായത്തിൽ നടന്ന മുഴുവൻ നിർമാണപ്രവൃത്തികളിലും അപാകമുണ്ടെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എൻ.കെ. കബീർ, ഫ്രിജോ വടക്കൂട്ട്, മീനാ ശലമോൻ, എം.ബി. വിജീഷ്, റിജി ജോർജ്, ഷാജി വർഗീസ്, ആനി ജോസ് എന്നിവർ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു.