ചാലക്കുടിയിലെ ആധുനിക മത്സ്യച്ചന്ത കെട്ടിടനിർമാണം സ്തംഭനത്തിലേക്ക്

ചാലക്കുടി : ഫിഷറീസ് വകുപ്പ് കഴിഞ്ഞ സർക്കാരിന്റെ കാലത്തനുവദിച്ച മുനിസിപ്പാലിറ്റിയുടെ ആധുനിക മത്സ്യച്ചന്ത നിർമാണം പൂർത്തിയാകാൻ കൂടുതൽ വൈകും. 2024 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. 2026 ജൂലായിൽ പൂർത്തിയാക്കേണ്ടതാണ്.
എന്നാൽ, പണികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. 60 ശതമാനം നിർമാണജോലികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. 3.5 കോടി രൂപയാണ് നിർമാണച്ചെലവ്. കിഫ്ബി ഫണ്ടുപയോഗിച്ചാണ് നിർമാണം. ഫണ്ട് വരവ് നിലച്ചതോടെയാണ് നിർമാണവും നിലച്ചത്. വിരലിലെണ്ണാവുന്ന നിർമാണത്തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളൂ. ഇനി ചെയ്യേണ്ട ജോലികൾക്ക് കിഫ്ബിയുടെ അനുമതി കിട്ടാത്തതാണ് പ്രശ്നം.
നിർമിക്കേണ്ടത് അത്യാധുനിക സൗകര്യങ്ങളോടെ
മികച്ച സൗകര്യങ്ങളോടു കൂടിയ സ്റ്റാളുകളും സൗകര്യങ്ങളുമാണ് ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആകെ 10,196 ചതുരശ്രയടിയാണ് വിസ്തൃതി. 28 ഫിഷ് സ്റ്റാളുകളും 22 കടമുറികളും നാല് അത്യാധുനിക അറവുശാല, ശുചിമുറികൾ തുടങ്ങിയവയാണ് പണിയുന്നത്.
അകത്ത് മത്സ്യ സ്റ്റാളുകൾ മാത്രമാണ് അനുവദിക്കുക. കടമുറികൾ പുറത്തായിരിക്കും. കടമുറികൾ മറ്റു കച്ചവടങ്ങൾക്കായി നഗരസഭയ്ക്ക് അനുവദിക്കാം. മാലിന്യനിർമാർജനത്തിനും പദ്ധതിയുണ്ട്. അകത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകാവുന്ന സൗകര്യങ്ങളോടെ അത്യാധുനിക വിപണിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. കോസ്റ്റൽ ഏരിയ ഡിവലപ്പ്മെന്റ് കോർപറേഷനാണ് നിർമാണച്ചുമതല. സംസ്ഥാനത്ത് ഏറ്റവും പഴക്കമുള്ളതും പ്രശസ്തവുമാണ് മത്സ്യമാർക്കറ്റുൾപ്പെടുന്ന ചാലക്കുടി ചന്ത.