കണ്ടാണശ്ശേരിയിൽ മണ്ണെടുപ്പ് തടഞ്ഞു

കണ്ടാണശ്ശേരി : റവന്യു വകുപ്പിന്റെ നിർദേശം ലംഘിച്ച് കണ്ടാണശ്ശേരിയിൽ വീണ്ടും മണ്ണെടുപ്പ്. പഞ്ചായത്ത് അധികൃതരുടെയും റവന്യു വകുപ്പിന്റെയും പോലീസിന്റെയും ഇടപെടലിൽ മണ്ണെടുപ്പ് തടഞ്ഞു.

കണ്ടാണശ്ശേരി പഞ്ചായത്തിലെ ഏഴാംവാർഡ് കൂനംമൂച്ചിയിലെ കിഴക്കേ പന്നിശ്ശേരിയിൽനിന്നാണ് പെർമിറ്റ് ലംഘിച്ച് മണ്ണെടുത്ത സംഭവത്തിൽ ഖനനം നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ

നിർദേശം നൽകിയത്. എന്നാൽ, ഈ നിർദേശം മറികടന്ന് കഴിഞ്ഞ ദിവസം രാത്രിതന്നെ വാഹനങ്ങളിൽ മണ്ണ് കടത്തിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വ്യാഴാഴ്ച രാവിലെ മണ്ണുമാന്തിയന്ത്രങ്ങളും ടോറസ് ലോറികളും മണ്ണെടുക്കാൻ എത്തിയപ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീപ്, പഞ്ചായത്തംഗം വിനു ജോൺസൻ, ഡെപ്യൂട്ടി തഹസിൽദാർ ടി.എസ്. സുരേഷ് കുമാർ, ഭൂരേഖ തഹസിൽദാർ ഹേമ, ആളൂർ വില്ലേജ് ഓഫീസർ പി. ഷെമിമോൾ, വില്ലേജ് അസിസ്റ്റന്റ് ജിത്തു കുമാർ, ഗുരുവായൂർ സബ് ഇൻസ്പെക്ടർ നിഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എത്തിയത്.

സ്ഥലപരിശോധനയിൽ നിയമവിരുദ്ധമായി സർവേ നമ്പർ 110-ൽനിന്ന് മണ്ണ് ഖനനം ചെയ്യുന്നത് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ഖനന പെർമിറ്റ്‌ ലംഘിച്ചത് ബോധ്യപ്പെട്ടതിനെത്തുടർന്നായിരുന്നു കഴിഞ്ഞ ദിവസം ഖനനം നിർത്തിവെക്കാൻ വില്ലേജ് ഓഫീസർ നിർദേശം നൽകിയത്. എന്നാൽ, വില്ലേജ് ഓഫീസറുടെ നിർദേശം കാറ്റിൽ പറത്തിയാണ് കിഴക്കേ പന്നിശ്ശേരിയിൽനിന്ന് വീണ്ടും മണ്ണെടുപ്പിന് എത്തിയത്. കിഴക്കേ പന്നിശ്ശേരിയിൽ സർക്കാർ അധീനതയിലുള്ള 65 സെന്റ് ഭൂമിയിൽനിന്ന് അനധികൃതമായി മണ്ണെടുപ്പ് നടത്തിയതായി പഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് പറഞ്ഞു

നിലവിൽ രണ്ടു സർവേ നമ്പർ ഭൂമികളിൽനിന്നാണ് അനുമതിയുള്ളതെങ്കിലും വ്യാപകമായ മണ്ണെടുപ്പാണ് നടത്തിയിട്ടുള്ളത്. ദേശീയപാത നിർമാണത്തിനെന്ന പേരിൽ ഇവിടെനിന്നു കൊണ്ടുപോകുന്ന മണ്ണ്, സ്വകാര്യ ആവശ്യങ്ങൾക്കായി മറിച്ചുകൊടുക്കുന്നതായും സജീപ് വ്യക്തമാക്കി. താലൂക്ക് സർവേയരുടെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർക്ക് പഞ്ചായത്ത് പരാതി നൽകും.