ചക്കരപ്പാടത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പെരിഞ്ഞനം : കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിനിടയിലും ഇടക്കിടെ പഴയ പൈപ്പു പൊട്ടുന്നത് തലവേദനയാകുന്നു. പെരിഞ്ഞനം ചക്കരപ്പാടത്താണ് വ്യാഴാഴ്ച രാവിലെ വാട്ടർ അതോറിറ്റിയുടെ മെയിൻ പൈപ്പ് പൊട്ടിയത്. നാട്ടിക ഫർക്ക കുടിവെള്ളപദ്ധതിയിൽ അൻപതു വർഷം മുൻപ്‌ സ്ഥാപിച്ച പൈപ്പുകൾ കാലഹരണപ്പെട്ടതോടെ തീരദേശത്തെ പ്രധാനപ്പെട്ട പല റോഡുകളിലെയും പൈപ്പുകൾ ഇടക്കിടെ ജോയിന്റുകളിൽ ലീക്കാകുകയും പൊട്ടുകയും പതിവായിരുന്നു.

ഒരു മാസം മുൻപും പെരിഞ്ഞനം കാക്കാത്തുരുത്തി പള്ളിവളവ് ആർ.എം.എച്ച്. സ്‌കൂൾറോഡിലെ സന്തോഷ്‌വളവിലും പൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെട്ടിരുന്നു. ഇതു മൂലം തീരദേശത്ത് കുറച്ചു വർഷങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമായിത്തുടരുകയാണ്.

തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കഴിഞ്ഞ സർക്കാർ ഒരു വർഷം മുൻപ്‌ കിഫ്ബി പദ്ധതിപ്രകാരം പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് നിലവിലെ റോഡു പൊളിച്ച് നിർമാണം നടക്കുകയാണ്. ഇതിനിടയിലാണ് ചക്കരപ്പാടത്ത് വെള്ളം വിതരണംചെയ്യുന്ന പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നത്.

റോഡിൽ പൈപ്പിടാൻ പൊളിച്ച ഭാഗത്തുകൂടെ പൈപ്പ് പൊട്ടിയൊഴുകുന്നത് വാഹനയാത്രക്കാർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുടിവെള്ളവിതരണം തടസ്സപ്പെടാത്ത രീതിയിൽ പൈപ്പു പൊട്ടിയത് എത്രയും പെട്ടെന്ന് ശരിയാക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.