ഇടിയഞ്ചിറയുടെ മുഖം മാറുന്നു

മുല്ലശ്ശേരി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇടിയഞ്ചിറ ബണ്ട് റോഡിൽ നടപ്പാക്കുന്ന സൗന്ദര്യവത്കരണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. 10.63 ലക്ഷം രൂപ ചെലവിലാണ് സഞ്ചാരികൾക്കും നാട്ടുകാർക്കും വിശ്രമിക്കാനും കാറ്റുകൊള്ളാനും പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി ടൈൽ വിരിക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസിസ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജലോത്സവത്തിന്റെ ഭാഗമായി കെ.എൽ.ഡി.സി. കനാലിന്റെ പരിസരം മനോഹരമാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനിൽ ആതിര, റസിയ ഇബ്രാഹിം എന്നിവരും നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.