നാട്ടികയിൽ ടോൾ പിരിവ് വീണ്ടും; സംഘർഷം, അറസ്റ്റ്

തൃപ്രയാർ : ദേശീയപാത 66 നാട്ടികയിൽ ടോൾപിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. പ്രവർത്തകർക്കുനേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടനംചെയ്ത മുൻ എം.പി. ടി.എൻ. പ്രതാപന് നിസ്സാര പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് യു.ഡി. എഫ്. സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടിക സെന്ററിൽ നിന്ന് ടോൾപ്ലാസയിലേക്ക് മാർച്ച് തുടങ്ങി. ടോൾപ്ലാസാ പരിസരത്തുവെച്ച് പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം എ.ഐ.സി. സി. സെക്രട്ടറി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെ. പി.സി.സി. ജന.സെക്രട്ടറി ജോസ് വള്ളൂർ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് , കെ.എ. ഹാറൂൺ റഷീദ്, അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, ശോഭാ സുബിൻ, പി.ഐ. ഷൗക്കത്തലി, കെ. ദിലീപ്കുമാർ, സി.എം. നൗഷാദ്, എ.എം. അയ്യൂബ്,പി.എം. സിദ്ദിഖ്, പി.എസ്. സുൽഫിക്കർ, രഞ്ജിലാ ഗിരി,പി. വിനു, ഷീബാ അജയകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു നീക്കി.
തൃപ്രയാർ : പൊതുമരാമത്തുമന്ത്രി പി.കെ. ബഷീറിന്റെ നിർദേശം അവഗണിച്ച് ദേശീയപാതയിലെ നാട്ടികയിൽ ടോൾപിരിവ് പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ 11.40 ഓടെയാണ് വീണ്ടും ടോൾ പിരിച്ചുതുടങ്ങിയത്. കനത്ത പോലീസ്‌സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച തുടങ്ങിയ ടോൾപിരിവ് ജനകീയസമരം മൂലം നിർത്തിവെച്ചിരുന്നു. സംസ്ഥാനസർക്കാരിന്റെ നിർദേശമുണ്ടെന്നു പറഞ്ഞാണ് ശനിയാഴ്ച പിരിവ് വീണ്ടും ആരംഭിച്ചത്.
ഉന്നത പോലീസുദ്യോഗസ്ഥരുടെ അനുമതിയും ലഭിച്ചതായി ടോൾപ്ലാസ അധികൃതർ പറഞ്ഞു. ഇതോടെ പ്രതിഷേധവും ശക്തമായി. പിരിവ് തുടങ്ങിയ ഉടൻ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ. പ്രവർത്തകർ ടോൾപ്ലാസ ഉപരോധിച്ചു. പോലീസ് ഇവരെ അറസ്റ്റുചെയ്തുനീക്കി. സംഭവമറിഞ്ഞ് ടോൾപ്ലാസയിലേക്ക് പ്രതിഷേധവുമായെത്തിയ എൽ.ഡി.എഫ്. പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രവർത്തകർ റോഡിലിരുന്ന് സമരം തുടർന്നു.
ഏതാനും പ്രവർത്തകർ ടോൾ ബൂത്തിലേക്ക് ഓടിക്കയറി പിരിവ് തടയാൻ ശ്രമിച്ചു. പിന്നാലെ ഓടിയെത്തിയ പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമായി. ഗീതാ ഗോപി എം.എൽ.എ. യുടെ ഡ്രൈവറും സെക്രട്ടറിയുമുൾപ്പെടെ മൂന്നുപേർക്ക് ലാത്തിയടിയേറ്റു. മഹേഷ് പാറക്കോവിൽ, റിജിക്ക്, അക്ഷയ് ശങ്കർ എന്നിവർക്കാണ് പരിക്കേറ്റത്.
സി.പി.എം. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽഖാദർ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ഗീതാ ഗോപി എം.എൽ.എ, കെ.പി. സന്ദീപ്, കെ.എം. കിഷോർകുമാർ, വി.കെ ജ്യോതിപ്രകാശ്, പി.ഐ. സജിത, അമൽ ടി. പ്രേമൻ, ടി.ഐ. മധുസൂദനൻ തുടങ്ങിയവർ നേതൃത്വം നൽകി.
റോഡുപരോധിച്ച ഗീതാ ഗോപി എം.എൽ.എ ഉൾപ്പെടെയുള്ള എൽ.ഡി.എഫ്. നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പോലീസ് അറസ്റ്റുചെയ്തുനീക്കി.
നിരന്തര പ്രക്ഷോഭത്തിന് യു.ഡി.എഫ്.
തൃപ്രയാർ : നാട്ടികയിൽ ടോൾ പിരിവ് നിർത്തിവയ്ക്കുന്നതുവരെ നിരന്തരപ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം കൊടുക്കും. സർവകക്ഷിയോഗം ചേർന്ന് വിശദമായ ചർച്ചയ്ക്കുശേഷം റോഡിന്റെ പണി പൂർത്തിയായതിനു ശേഷമേ ടോൾ പിരിക്കൂ എന്ന തീരുമാനം കാറ്റിൽപ്പറത്തി വീണ്ടും ടോൾ പിരിക്കാൻ തീരുമാനിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തി.
ജനങ്ങളെ അണിനിരത്തി വലിയ ജനകീയപ്രക്ഷോഭത്തിലൂടെ, അനിശ്ചിതകാലസമരത്തിലൂടെ ടോൾ കൊള്ള അവസാനിപ്പിക്കാനുള്ള എല്ലാ മുന്നേറ്റങ്ങൾക്കും യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് സമരസമിതി ചെയർമാൻ ജോസ് വള്ളൂർ അറിയിച്ചു.