കൂർക്കരുചിയുടെ വൈവിധ്യവുമായി ഫെസ്റ്റ്

വരവൂർ : വരവൂർ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കൂർക്ക ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ആഘോഷമാക്കുന്നത് സമീപ ജില്ലകളിൽ നിന്നു എത്തുന്ന കൂർക്ക പ്രിയരാണ്. ബീഫും കൂർക്കയും, ചിക്കനും കൂർക്കയും, പത്തിരിയും കൂർക്കയും, വെള്ളേപ്പവും കൂർക്ക തോരനും തുടങ്ങി വ്യത്യസ്തങ്ങളായ കൂർക്ക വിഭവങ്ങൾക്ക് പുറമെ കൂർക്ക അച്ചാറുമുണ്ട്.

ചന്തയിൽ കിലോയ്‌ക്ക്‌ 75 രൂപയ്ക്കാണ് കൂർക്ക വിൽപ്പന. വരവൂരിലെ കൂർക്കച്ചന്തയും കൂർക്ക ഫെസ്റ്റും ഒരുക്കിയിട്ടുള്ളത് വരവൂർ പഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായാണ്. പഞ്ചായത്തിന്റെ സ്റ്റേജാണ് മേളയുടെ വേദി. കുടുംബശ്രീ സി.ഡി.എസിലെ 27 ജെ.എൽ.ജി. ഗ്രൂപ്പുകൾ 68 ഏക്കറിൽ കൃഷിയിറക്കിയ വരവൂർ കൂർക്കയുടെ വിപണി ലക്ഷ്യമിട്ടാണ് കൂർക്കച്ചന്ത.

കൂർക്കച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു.ബി. കണ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി. വിജയലക്ഷ്മി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി. സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ.എസ്. സജീഷ്, പി.കെ. യശോദ, കുടുംബശ്രീ ചെയർപേഴ്സൺ സി.ആർ. ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സുധാദേവി, പഞ്ചായത്ത് സെക്രട്ടറി എം.കെ. ആൽഫ്രെഡ്‌, ഉപജീവന ഉപസമിതി കൺവീനർ വിമലപ്രഹ്ളാദൻ എന്നിവർ പ്രസംഗിച്ചു.