ഗുഡിയകുമാരിക്ക് സ്വന്തം ‘അമ്മ’യായി പ്രീതി

അതിഥിത്തൊഴിലാളിയുടെ ഭാര്യയ്ക്ക് പ്രസവസമയത്ത് തുണയായി ആശ വർക്കർ
ഒൻപതു ദിവസം ആശുപത്രിയിൽ കൂട്ടുനിന്നു
തൃശ്ശൂർ : ‘‘തൃശ്ശൂർ മെഡിക്കൽ കോളേജിലെ ലേബർറൂമിനു മുന്നിൽ കാത്തുനിന്ന് ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ ശരിക്കും എന്റെ കണ്ണുനിറഞ്ഞു. ഞാനവന് സ്നേഹത്തോടെ പേരുമിട്ടു, ‘കണ്ണൻ’-പ്രീതിമോൾ പറഞ്ഞു.
അതിഥിത്തൊഴിലാളിയുടെ കുടുംബത്തിന് പ്രസവസമയത്ത് തുണയായ അനുഭവം പങ്കുവെക്കുകയായിരുന്നു മരത്താക്കര ശാന്തിനഗർ പാലപ്പറമ്പിൽ പ്രീതിമോളെന്ന ആശ പ്രവർത്തക. ‘‘ഇഷ്ടത്തോടെ ചെയ്യുന്ന ജോലിയാണ് ആശ പ്രവർത്തകയുടേത്. ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. അതിനിടയിലാണ് എന്റെ മകന്റെ പ്രായം മാത്രമുള്ള 24-കാരനും അവന്റെ ഭാര്യയായ 21-കാരിയും ഉറ്റവരാരുമില്ലാതെ ആശുപത്രിയിൽ വിഷമിച്ചുനിൽക്കുന്നത് കണ്ടത്.
മറ്റൊന്നുമാലോചിച്ചില്ല, മകനോടു വിളിച്ച് കാര്യം പറഞ്ഞു, അവൻ വീട്ടിലെ കാര്യമെല്ലാം ഏറ്റെടുത്തു. ആശ കോഡിനേറ്ററുടെയും മറ്റ് മേലുദ്യോഗസ്ഥരുടെയും അനുമതി തേടി’’-പ്രീതി പറഞ്ഞു.
ബിഹാർ സ്വദേശികളായ ലാൽബിഹാർകുമാറിനെയും ഭാര്യ ഗുഡിയകുമാരിയെയും ഏതാനും മാസങ്ങൾക്കു മുൻപാണ് ആശ വർക്കറായ പ്രീതിമോൾ ആദ്യമായി കാണുന്നത്. പുത്തൂർ പഞ്ചായത്തിലെ വിശ്വനാഥനഗറിലെ അതിഥിത്തൊഴിലാളികൾതന്നെയായ മറ്റൊരു കുടുംബത്തിനൊപ്പം താമസിക്കാനെത്തിയതാണ് ഇവർ. വെൽഡറായ ലാൽബിഹാർകുമാറിന് അത്യാവശ്യം മലയാളം അറിയാമെങ്കിലും ഗുഡിയകുമാരിക്ക് തീരെ അറിയില്ല.
നേരത്തേ ഒരു തവണ ഡോക്ടറെ കണ്ടിരുന്നെങ്കിലും തുടർന്നും കാണേണ്ടതിന്റെയും സ്കാനിങ്ങടക്കം ചെയ്യേണ്ടതിന്റെയും പ്രാധാന്യമൊന്നും അറിയില്ലായിരുന്നു. ഗർഭകാലത്ത് ആവശ്യമായ ആരോഗ്യനിർദേശങ്ങളും പരിചരണങ്ങളും പ്രീതി എത്തിച്ചുനൽകി. ഒടുവിൽ ഗർഭകാലം പൂർണമായിട്ടും പ്രസവവേദന അനുഭവപ്പെടാതിരുന്നതിനാൽ ആശുപത്രിയിൽപ്പോകാൻ തയ്യാറാകാതിരുന്ന ഇവരെ പഞ്ചായത്തംഗം വഴി ആംബുലൻസ് വിളിച്ച് പ്രീതി തന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് ഗുഡിയകുമാരിയെ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ഭാഷയറിയാതെയും ഉറ്റവർ കൂടെയില്ലാതെയും ഭയന്നുനിന്ന ദമ്പതിമാർക്ക് ധൈര്യം പകർന്ന് പ്രീതിമോളും മെഡിക്കൽകോളേജിലേക്ക് കൂടെപ്പോയി. അവിടെവെച്ച് ഓഗസ്റ്റ് അഞ്ചിനാണ് പ്രസവം നടന്നത്. കുഞ്ഞിന് 3.690 കിലോ തൂക്കമുണ്ടായിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങിയതും ബുധനാഴ്ച ഡിസ്ചാർജ് ചെയ്യുംവരെ കൂടെനിന്ന് ശുശ്രൂഷിക്കുകയും വീട്ടിലെത്തിക്കുകയും ചെയ്തതും പ്രീതിമോളാണ്.
സി.പി.ഐ. മരത്താക്കര ബ്രാഞ്ച് അംഗവും മഹിളാസംഘം ഒല്ലൂർ മണ്ഡലംകമ്മിറ്റി അംഗവുമായ ഇവർക്ക് പൂർണപിന്തുണയുമായി സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് ഡിഗ്രിപഠനം പൂർത്തിയാക്കിയ മകൻ വിഷ്ണുരാജുമുണ്ട്.