കണ്ണനു മുൻപിൽ

ഗുരുവായൂർ : വിജയദശമി നാളിൽ കണ്ണനു മുൻപിൽ കുരുന്നുകൾ ആദ്യക്ഷരത്തിന്റെ മധുരമറിഞ്ഞു. രാവിലെ ശീവേലിയ്ക്കും കൂത്തമ്പലത്തിലെ സരസ്വതി പൂജയ്ക്കും ശേഷം ഗുരുവായൂരപ്പൻ, സരസ്വതി, ഗണപതി ചിത്രങ്ങളും ദീപാഗ്നിയും കൂത്തമ്പലത്തിൽനിന്ന് വാദ്യാകമ്പടിയോടെ വിദ്യാരംഭം ഹാളിലേക്ക്‌ എഴുന്നള്ളിച്ചു. ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ചതോടെ എഴുത്തിനിരുത്തൽ ആരംഭിച്ചു.

13 ഇല്ലങ്ങളിലെ കീഴ്ശാന്തിമാരായ മൂത്തേടം വാസുദേവൻ നമ്പൂതിരി, കിഴിയേടം രാമൻ നമ്പൂതിരി, മേച്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, കിഴിയേടം വാസുണ്ണി നമ്പൂതിരി, നാകേരി കേശവൻ നമ്പൂതിരി, മേലേടം പദ്മനാഭൻ നമ്പൂതിരി, തിരുവാലൂർ നാരായണൻ നമ്പൂതിരി, ചെറുതയൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി, മൂത്തേടം ഗോവിന്ദൻ നമ്പൂതിരി, തേലമ്പറ്റ ഉണ്ണികൃഷ്ണൻ നമ്പൂതിരി, അക്കാരപ്പിള്ളി മനു മാധവൻ നമ്പൂതിരി, കൊടയ്ക്കാട്ട് കൃഷ്ണൻ നമ്പൂതിരി, തേലമ്പറ്റ നാരായണൻ നമ്പൂതിരി എന്നിവരായിരുന്നു ആചാര്യൻമാർ.

ക്ഷേത്രത്തിൽ വിജയദശമി വിളക്ക് ശ്രീകൃഷ്ണഭവൻ ഗ്രൂപ്പിന്റെ വകയായിരുന്നു. രാത്രി വിളക്കെഴുന്നള്ളിപ്പിന് പതിനായിരത്തോളം ദീപങ്ങൾ ജ്വലിച്ചു. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ തായമ്പക, നൃത്തനൃത്യങ്ങൾ എന്നിവയുണ്ടായി.