മഴപെയ്താൽ തോടാകും വെള്ളമിറങ്ങിയാൽ റോഡാകും

ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലെ ചളിങ്ങാട് പ്രദേശത്ത് ഒരു റോഡുണ്ട്
പൈപ്പിടാനായി പൊളിച്ച റോഡിലൂടെ ഒരുവർഷമായി ദുരിതയാത്ര
കയ്പമംഗലം : അടുപ്പിച്ച് കുറച്ച് മഴ ലഭിച്ചതോടെ റോഡേതാ തോടേതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നടക്കാൻ പോയിട്ട് വാഹനങ്ങളിലൂടെയുള്ള യാത്രപോലും ദുഷ്കരമാണ്. കയ്പമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിലെ ചളിങ്ങാട് പ്രദേശത്തുള്ള നാട്ടുകാരുടെ വാക്കുകളാണിത്.
മഴ പെയ്ത് വെള്ളം ഒഴുകിപ്പോകാതെവരുന്നതോടെ റോഡേത് കുഴിയേത് എന്നറിയാതെ ഇരുചക്രവാഹനങ്ങൾ നിത്യേന അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ്. പ്രശ്നം പരിഹരിക്കാമെന്ന് വാക്കുപറഞ്ഞ കരാറുകാരനും അധികൃതരും ഇപ്പോൾ തിരിഞ്ഞുനോക്കുന്നുമില്ല. ഒരു വർഷംമുൻപ് കുടിവെള്ളവിതരണ പൈപ്പിടാൻവേണ്ടി പൊളിച്ചപ്പോൾ തുടങ്ങിയതാണ് നാട്ടുകാരുടെ ദുരിതം.
നാളിത്രയായിട്ടും റോഡ് പൂർവസ്ഥിയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിരവധി സ്വകാര്യ ബസുകളും സ്കൂൾ ബസുകളും ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ റോഡിൽ വെള്ളം കെട്ടിയതോടെ ജനങ്ങൾ വീണ്ടും ദുരിതത്തിലായിരിക്കുകയാണ്. നാട്ടിക ഫർക്ക ശുദ്ദജലവിതരണ പദ്ധതിയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന പണികളാണ് ഇവിടെ നടക്കുന്നത്.
ചളിങ്ങാട് ആർ.സി.യു.പി. സ്‌കൂൾ മുതൽ കാക്കാത്തുരുത്തി പള്ളിവളവ് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗമാണ് ഇതിനായി പൊളിച്ച് പൈപ്പിട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഈ മേഖലയിലെ പൈപ്പിടൽ കഴിഞ്ഞെങ്കിലും ഈ ഭാഗത്തെ റീടാറിങ്ങ് വൈകുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെ കുറച്ചുഭാഗത്തു മാത്രം ടാറിട്ടു.
ടാറിടാത്ത ഭാഗങ്ങളിലാണ് വെള്ളം കെട്ടിക്കിടന്ന് ഇപ്പോൾ ശോച്യാവസ്ഥയിലുള്ളത്. ഇതിനിടെ പദ്ധതിയുടെ രണ്ടാംഘട്ടമെന്നനിലയിൽ ആർ.സി.യു.പി. സ്‌കൂൾ മുതൽ വടക്കോട്ട് പൈപ്പിടാനായി റോഡ് പൊളിക്കാൻ മറ്റൊരു കരാറുകാരനെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞതോടെ ഇതിനു സാധിച്ചിട്ടില്ല. പൊളിച്ച ഭാഗങ്ങൾ പുനഃസ്ഥാപിച്ച ശേഷമേ ഇനി പൊളിക്കാൻ അനുവദിക്കൂവെന്ന നിലപാടിലാണ് നാട്ടുകാർ.
അനുനയനീക്കങ്ങളുമായി കെ.കെ. വത്സരാജ് എം.എൽ.എ. ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ചകൾ നടത്തിയെങ്കിലും യോഗം തീരുമാകാതെ പിരിയുകയായിരുന്നു. പൊളിച്ച ഭാഗങ്ങളിൽ ടാറിങ്ങ് നടത്താൻ ഉടൻതന്നെ ശ്രമമാരംഭിക്കുമെന്ന് പിന്നീട് എം.എൽ.എ. അറിയിച്ചെങ്കിലും നടപടികൾ നീളുകയാണ്.