ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യിൽനിന്ന് രണ്ടു സർവീസുകൾകൂടി ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടുതൽ പ്രാദേശിക സർവീസുകളും സംസ്ഥാന, അന്തർ സംസ്ഥാന സർവീസുകളും ആരംഭിച്ച് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി.യെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ. പറഞ്ഞു. സബ് ഡിപ്പോയിൽനിന്നാരംഭിച്ച രണ്ട് പ്രിയദർശിനി ബസുകളുടെ സർവീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽ.എ. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷനായി.

നഗരസഭാ കൗൺസിലർമാരായ ബിന്ദു വിനയൻ, മാഗി വിൻസെന്റ്, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജോസ് മൂഞ്ഞേലി, പി.ബി. മനോജ്കുമാർ, കെ.എൽ. ജോസ്, സേതുമാധവൻ പറയംവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

കാറളം : പഞ്ചായത്തിലൂടെ സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിന് കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുത്താനിയിലും കാറളം സെന്ററിലും സ്വീകരണം നൽകി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ഡി. സൈമൺ, പഞ്ചായത്ത് അംഗങ്ങളായ കെ.ബി. ഷമീർ, പ്രീത എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

എടക്കുളം : മതിലകം, അരിപ്പാലം, എടക്കുളം, ചേലൂർ, ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് ആരംഭിച്ച പ്രിയദർശിനി ബസിന് കോൺഗ്രസ് പൂമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കുളം സെന്ററിൽ സ്വീകരണം നൽകി.

മണ്ഡലം പ്രസിഡന്റ് എൻ. ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ രഞ്ജിനി ശ്രീകുമാർ, ടി.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.