പാലമൊരുങ്ങും... വൈകാതെ

ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും
ഈ മാസത്തോടെ സ്ഥലമെടുപ്പ് പൂർത്തിയാക്കി പാലം നിർമാണത്തിനായി കെ.ആർ.എഫ്.ബി.ക്കു കൈമാറും
ചാവക്കാട് : ദേശീയപാത 66-ൽനിന്ന് ചാവക്കാട്, ഗുരുവായൂർ മേഖലയിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും ഒടുവിൽ യാഥാർഥ്യമാവുന്നു.
ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂർത്തിയായി വരുന്നതായും ഒക്ടോബറോടെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിച്ച് പാലം നിർമാണത്തിനായി കേരള റോഡ് ഫണ്ട് ബോർഡിന് (കെ.ആർ.എഫ്.ബി.) സ്ഥലം കൈമാറുമെന്നും സ്‌പെഷ്യൽ തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ ദിവസം എൻ.കെ. അക്ബർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജക മണ്ഡലം പൊതുമരാമത്ത് മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് സ്‌പെഷ്യൽ തഹസിൽദാർ ഇക്കാര്യമറിയിച്ചത്.
കനോലികനാലിന് കുറുകെ 40 കോടി രൂപ ചെലവിലാണ് ചിങ്ങനാത്ത് കടവ് പാലവും അപ്രോച്ച് റോഡും നിർമിക്കുന്നത്.
അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പിന് 10.5 കോടി രൂപയും പുനരധിവാസ സഹായമായി 40 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വലിയ പദ്ധതികളിൽ ഒന്നാണിത്.
9.75 മീറ്റർ വീതിയിലും 253 മീറ്റർ നീളത്തിലുമാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. ദേശീയപാതയിൽനിന്ന് പുന്ന സെന്റർ വരെയാണ് അപ്രോച്ച് റോഡിനായി സ്ഥലമെടുപ്പ് നടത്തിയിരിക്കുന്നത്.