'47 വർഷമായി ഉപയോഗിച്ച വഴി തടഞ്ഞെന്ന് '

പെരുമ്പിലാവ് : ക്ഷേത്രഭൂമിയിലൂടെ പോകുന്ന വീട്ടിലേക്കുള്ള വഴി തടഞ്ഞതായി ആരോപിച്ച് അധികൃതരെ സമീപിക്കാനൊരുങ്ങി 72-കാരനായ മുൻ വ്യോമസേന വാറന്റ് ഓഫീസർ കൂടിയായ കടവല്ലൂർ തെക്കേപ്പുറത്ത് അരവിന്ദാക്ഷൻ.
കടവല്ലൂർ എടയൂർ ലക്ഷ്മണ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ഭൂമിയിലൂടെവേണം അരവിന്ദാക്ഷന്റെ വീട്ടിലേക്കെത്താൻ. ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് വഴി തടസ്സപ്പെടുന്നത്. 32 വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച അരവിന്ദാക്ഷൻ വിരമിച്ചശേഷം കടവല്ലൂരിൽ ഒറ്റയ്ക്കാണ് താമസം.
പലവിധ രോഗങ്ങളുണ്ട്. തന്റെ വീടിനോടുചേർന്നുള്ള ക്ഷേത്രഭൂമിയിലൂടെയുള്ള വഴി കഴിഞ്ഞ 47 വർഷമായി ഉപയോഗിച്ചുവരുകയാണെന്നും അദ്ദേഹം പറയുന്നു. ക്ഷേത്രഭൂമിയിൽ യാതൊരു നിർമാണവും നടത്തിയിട്ടില്ലെന്നും ഭൂമി കൈയേറിയിട്ടില്ലെന്നും അരവിന്ദാക്ഷൻ പറയുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കായി മാത്രമാണ് ഇതുവരെ ഭൂമി ഉപയോഗിച്ചത്.
ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ളതിനാൽ വിഷയത്തിൽ ബോർഡിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് അരവിന്ദാക്ഷന്റെ ആവശ്യം.