കയർവലപ്പായ വിരിച്ചിട്ടും ഒഴുക്കുനിലച്ച 'മാതൃക'

കൊടുങ്ങല്ലൂർ: 2017 ഏപ്രിൽ 17, മതിലകം പഞ്ചായത്തിലൂടെ കടന്നുപോകുന്ന പെരുംതോട് വലിയ തോടിനരികെ തിങ്ങിക്കൂടിയ ഗ്രാമവാസികളെ സാക്ഷിനിർത്തി അന്നത്തെ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു, “ഇത് സംസ്ഥാനത്തിനാകെ മാതൃകയാണ്, നാടിന്റെ ശുദ്ധജലസ്രോതസ്സുകൾ സംരക്ഷിക്കുകയെന്നത് നാടിന്റെയും കൃഷിയുടെയും അതിജീവനത്തിലേക്കുള്ള പാതയൊരുക്കലാണ്. സർക്കാർ ഈ പദ്ധതി ഏറ്റെടുക്കും.”
വലിയതോട് പെരുംതോട് കയർവലപ്പായ വിരിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞതാണിത്. പിന്നീടുള്ള ഒൻപത് വർഷത്തിനിടയിൽ ഈ തോട്ടിലൂടെ വെള്ളമേറെയൊഴുകിപ്പോയെങ്കിലും ജനപ്രതിനിധികളും അധികൃതരും സ്വപ്നം കണ്ടതുപോലെ പെരുംതോട്-വലിയതോടിന് പുനർജീവനമായില്ല. മൂന്നു ഘട്ടങ്ങളായി കോടികൾ ചെലവിട്ട് പുനർജീവനത്തിന് തുടക്കമിട്ട് സംസ്ഥാനത്തിനുതന്നെ മാതൃകയായ വലിയതോട് - പെരുംതോട് പദ്ധതിയാണ് വർഷങ്ങളായി നീർജീവാവസ്ഥയിലുള്ളത്.
സംസ്ഥാനത്ത് ആദ്യമായി കയർവലപ്പായയണിഞ്ഞ തോട് എന്ന് ഖ്യാതി നേടിയെങ്കിലും ഇപ്പേൾ കയർവലപ്പായയുടെ അവശിഷ്ടങ്ങൾ പോലും ഒരിടത്തും കാണാനാവില്ല. നാട് നേരിട്ട രണ്ടു പ്രളയങ്ങളും കോവിഡും പദ്ധതിപ്രദേശത്തെ പഞ്ചായത്തുകളുടെ അനാസ്ഥയുംമൂലം ഏറെ പരിതാപകരമാണ്. 2017-നുമുൻപുള്ള സാഹചര്യത്തിലേക്ക് പെരുംതോടും അനുബന്ധതോടുകളും അതിവേഗം കൂപ്പുകുത്തുകയാണ്.
പെരുംതോട്-വലിയതോടിന്റെ പ്രാധാന്യം
: പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലിക്കനാലും അതിരിടുന്ന കയ്പമംഗലം പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തീരദേശത്തെ പ്രധാന ശുദ്ധജലസംഭരണിയും തടാകവുമാണ് 14.71 കിലോമീറ്റർ ദൂരത്തിലുള്ള പെരുംതോട്-വലിയതോട്.
വാണിജ്യകേന്ദ്രങ്ങളിൽനിന്ന് ആറു പതിറ്റാണ്ടു മുൻപുവരെ ഗ്രാമീണ ചന്തകളിലേക്കുള്ള ചരക്കുവള്ളങ്ങൾ വന്നുപോകുകയും നാളികേരവും കൊപ്രയും ചകിരിയും ഓലയും മലഞ്ചരക്കുകളും കയറ്റിക്കൊണ്ടുപേകുകയും ചെയ്തിരുന്ന തോട് അനധികൃത കൈയേറ്റങ്ങളും ചളിയും മാലിന്യങ്ങളും നിറഞ്ഞ് ആഴംകുറഞ്ഞ് നിലനിൽപ്പുതന്നെ നഷ്ടപ്പെട്ട നിലയിലായിരുന്നു.
ജലസേചനവകുപ്പ് തോട് സംരക്ഷിക്കാൻ 1980-കളിൽ നടത്തിയ ശ്രമഫലമായി 37 വർഷങ്ങൾക്കുശേഷം തോടിന്റെ സമഗ്രമായ പുനർജീവനത്തിനായി അന്നത്തെ എം.എൽ.എ. ഇ.ടി. ടൈസന്റെയും മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 2016-ൽ പെരുംതോട് - വലിയതോട് സംരക്ഷണസമിതി രൂപവത്കരിക്കുകയും ജനപങ്കാളിത്തത്തോടെ പഠനം നടത്തുകയും തുടർച്ചയായ ആലോചനായോഗങ്ങളും സംഘടിപ്പിച്ചാണ് പദ്ധതി തയ്യാറാക്കിയത്.
അതികഠിനമായ വേനലും വരൾച്ചയും നേരിടുന്നതിനും തീരദേശത്ത് ജലസുരക്ഷ ഉറപ്പരുത്തുന്നതിനുമാണ് പെരുംതോട് പുനർജനിപ്പിക്കുക എന്ന പദ്ധതിക്ക് ആരംഭം കുറിച്ചത്.
മാത്രമല്ല കാലവർഷം ശക്തമാകുന്നതോടെ തീരപ്രദേശത്ത് സംജാതമാകുന്ന രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. പദ്ധതിപ്രഖ്യാപനത്തോടെ എല്ലാ മേഖലകളിൽനിന്നും വലിയതോതിലുള്ള പിന്തുണയാണ് ഉയർന്നുവന്നത്. ആദ്യഘട്ടത്തിൽ 25,560 തൊഴിൽദിനങ്ങളാണ് പൂർത്തിയാക്കിയത്. വൃത്തിയാക്കിക്കഴിഞ്ഞയിടങ്ങളിൽ കയർവലപ്പായകൾ വിരിക്കുകയും ചെയ്തു.
(തുടരും)
വെള്ളം ഒഴുകിയില്ലെങ്കിലും പദ്ധതികൾ എല്ലാം ഒഴുകിപ്പോയി
: കുളവാഴയും കൊഴുപ്പയും പായലും നിറഞ്ഞ് മരങ്ങൾവീണ് ചെളിയും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് പൂർണമായും നിലച്ചു. മാത്രമല്ല ശുദ്ധജലം മാത്രം ലഭ്യമായിരുന്ന തോട്ടിൽ ഉപ്പിന്റെ അംശം വർധിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്തി. ആദ്യകാലങ്ങളിൽ വേലിയേറ്റസമയത്ത് വടക്കോട്ടും ഇറക്കത്തിൽ തെക്കോട്ടും ഒഴുക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ നീരൊഴുക്ക് നിലച്ച നിലയിലാണ്.
തെങ്ങ്, കവുങ്ങ്, കൃഷിക്കും ഇടവിള കൃഷികൾക്കും ജലസേചനത്തിനും താറാവ്, മീൻ, കൊഞ്ച്, ചെമ്മീൻ, കരിമീൻ തുടങ്ങിയവയ്ക്കും ശാസ്ത്രീയമായ കൃഷിയിടങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പദ്ധതിയുടെ ആരംഭം. ഇതിനായി പലയിടത്തും സ്ഥാപിച്ച ചീപ്പുകളിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. തോട് വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി തോടിന്റെ സൗന്ദര്യവത്കരണവും ലക്ഷ്യമിട്ടിരുന്നു. ഇരുകരകളിലും ഔഷധത്തോട്ടങ്ങളും രാമച്ചം, കുറുന്തോട്ടി കൃഷികളും നടപ്പാതകളും വിശ്രമയിടങ്ങളും പദ്ധതിയിലുണ്ടായിരുന്നു. ഇതിനെല്ലാം തുടക്കംക്കുറിച്ചെങ്കിലും പദ്ധതികൾ മുന്നോട്ടുപോയില്ല.