ഇവർ വരുതിയിലാക്കും; നാടനേയും വിദേശിയേയും

തൃശ്ശൂർ : സ്റ്റാൻഡ്, സിറ്റ്, സല്യൂട്ട്, സ്ലീപ്പ്... തനി നാടൻ ഇനമായ ഷാഡോ മുതൽ ബെൽജിയം മാലിനോസ് കുടുംബത്തിൽപ്പെട്ട ചാർളി വരെ കമാൻഡുകൾക്കനുസരിച്ച് നിവർന്നുനിന്നു, മുൻകാലുകൾ നീട്ടി, തല ചെരിച്ചു, കിടന്നു. പ്രിയയും ടിഷയും ഇൻജമാമുൾ ഹഖും സി.എൽ. സല്ലാൽ വരെ തങ്ങളുടെ ഓമനകളെ വരുതിയിലാക്കി നല്ല കുട്ടികളാക്കാൻ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലെ നായപരിശീലനത്തിന്റെ ആദ്യ ബാച്ചിലെ വിദ്യാർഥികളാണ് ഇവരെല്ലാവരും. സർവകലാശാലയുടെ ആദ്യ ‌ സർട്ടിഫൈഡ് നായപരിശീലകരുടെ ഈ ബാച്ച് ശനിയാഴ്ച പുറത്തിറങ്ങി.

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപ്പഞ്ചായത്തിന്റെ കാവൽ പദ്ധതിയിൽനിന്ന് ദത്തെടുത്ത നാടൻ ഇനമായ ഷാഡോയാണ് ആറാഴ്ച നീണ്ട ഈ പരിശീലന കോഴ്സിൽ ഏറ്റവും മികച്ച അനുസരണശീലക്കാരനായി മാറിയതെന്ന് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്ന പ്രൊഫ. ഡോ. ജസ്റ്റിൻ ഡേവിസ് പറഞ്ഞു. വെറ്ററിനറി നഴ്സായ പ്രിയാ പ്രകാശനാണ് ഷാഡോയെ ദത്തെടുത്ത് പരിശീലനത്തിനെത്തിയത്. ആറാഴ്ച നീണ്ടുനിന്ന കോഴ്സിൽ ഒൻപതുപേരാണ് പങ്കെടുത്തത്. തിയറിയും പ്രായോഗിക പരിശീലനവും പഠിച്ചശേഷം എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, വൈവ എന്നിവയുമുണ്ടായി.

അനുസരണ പരിശീലനം, ഗ്രൂമിങ്, മണം തിരിച്ചറിഞ്ഞ് വസ്തുക്കൾ കണ്ടെത്തുന്ന ഡിറ്റക്ഷൻ, ട്രാക്കിങ് എന്നിവയിൽ പരിശീലനം നൽകി കോഴ്സ് നയിക്കുന്നത് പോലീസ് അക്കാദമിയിലെ റിട്ട. മാസ്റ്റർ ട്രെയിനർ രമേശ് പെരിഞ്ചേരിയാണ്. ഇന്ത്യൻ സേനയിലെ ഡോഗ് ട്രെയിനിങ് സെന്ററിലെ കേണൽമാരായ ഡോ. രാജശേഖരൻ, ഡോ. തോമസ് കെ. തോമസ്, മേജർ ഡോ. അനീഷ് ആന്റണി എന്നിവരും ഉപദേശകരായിരുന്നു.

വളർത്തുനായ്‌ക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായി പരിശീലനം ലഭിച്ചവർക്ക് സ്വയംതൊഴിൽ സാധ്യതയേറെയാണെന്ന് സർവകലാശാല രജിസ്ട്രാർ സാബിൻ ജോർജ് പറഞ്ഞു.

രണ്ടാം ബാച്ചിന്റെ പരിശീലനം നവംബർ ഒൻപതിന് ആരംഭിക്കും. 40,000 രൂപ ഫീസുള്ള കോഴ്സിന്റെ യോഗ്യത പത്താം ക്ലാസാണ്. മൂന്നിനും അഞ്ചിനും മാസത്തിനിടയിൽ പ്രായമുള്ള, വാക്സിനേഷൻ എടുത്ത സ്വന്തം നായ്ക്കുട്ടിയുമായി പങ്കെടുക്കാം. നായകൾ ഇല്ലാത്തവർക്കും ചേരാം. കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ https://forms.gle/wNoouuKGcAaBi5TS9 ൽ കയറാം. ഫോൺ: 96058 60005, 94957 39119.