പ്രവർത്തിച്ചിരുന്ന കെട്ടിടം വിറ്റു; സുഭിക്ഷ ഹോട്ടൽ നിർത്തി

ഇരിങ്ങാലക്കുട : വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചിരുന്ന സുഭിക്ഷ ഹോട്ടൽ നിർത്തി. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്-ഠാണ റോഡിൽ തെക്കേ അങ്ങാടിയിൽ മുകുന്ദപുരം ഓട്ടോ സർവീസ് സൊസൈറ്റി കെട്ടിടത്തിൽ സിവിൽ സപ്ലൈസും ഓട്ടോ സർവീസ് സൊസൈറ്റിയും സംയുക്തമായിട്ടായിരുന്നു ഹോട്ടൽ പ്രവർത്തിപ്പിച്ചിരുന്നത്. സൊസൈറ്റി കെട്ടിടം വിറ്റതോടെയാണ് ഹോട്ടൽ നിർത്തേണ്ടിവന്നത്.

2022 മേയ് 10-നാണ് സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യം ഭക്ഷണത്തിന് 20 രൂപയാണ് ഈടാക്കിയിരുന്നതെങ്കിലും പിന്നീട് 30 രൂപയാക്കി. ഒരു ഊണിന് സർക്കാർ അഞ്ചു രൂപയാണ് സബ്‌സിഡിയായി നൽകിയിരുന്നത്. പ്രതിദിനം 350 ലേറെപ്പേർ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പാർസലിന് 35 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നതെങ്കിലും അതിന് സർക്കാർ സബ്‌സിഡി നൽകിയിരുന്നില്ല. മറ്റ് ഹോട്ടലുകളെ അപേക്ഷിച്ച് വളരെ ചെറിയ തുകയായിരുന്നു സ്‌പെഷ്യലുകൾക്കും ഈടാക്കിയിരുന്നത്.നാലു വർഷത്തിലേറെ നല്ല നിലയിൽ പ്രവർത്തിച്ച ഹോട്ടൽ, കെട്ടിടം വിറ്റതിനെത്തുടർന്ന് ഓഗസ്റ്റിലാണ് അടച്ചത്.

ഓട്ടോ തൊഴിലാളികൾ, നഗരപ്രദേശത്ത് തൊഴിൽ തേടിവരുന്നവർ, ചെറിയ ജോലികൾചെയ്ത് ജീവിക്കുന്നവർ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരടക്കമുള്ളവർക്ക് ഏറെ പ്രയോജനമായിരുന്നു. എന്നാൽ ഹോട്ടലിന് ക്രൈസ്റ്റ് കോളേജ്- എ.കെ.പി. ജങ്ഷൻ റോഡിൽ സ്ഥലം അന്വേഷിക്കുന്നുണ്ടെന്നും അത് ശരിയായാൽ വൈകാതെ പുനരാരംഭിക്കുമെന്നും സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.