ഗുരുവായൂരിൽ തിരക്കും റെക്കോഡിലേക്ക്‌...

ഗുരുവായൂർ : ഗുരുവായൂരിൽ കല്യാണങ്ങൾ റെക്കോഡിട്ടതു പോലെ ദർശനത്തിനെത്തിയവരുടെ തിരക്കും റെക്കോഡാകുന്നു. ക്ഷേത്രത്തിലെ വിശേഷാവസരങ്ങളിലേതു പോലെയായിരുന്നു ഞായറാഴ്ചത്തെ തിരക്ക്. തൊഴാൻ ചുരുങ്ങിയത് അഞ്ചു മണിക്കൂറെങ്കിലും വരി നിൽക്കേണ്ടിവന്നെന്നാണ് ഭക്തർ പറയുന്നത്. ദർശനത്തിനുള്ള വരിയുടെ അറ്റം പടിഞ്ഞാറേ നട ഇന്നർ റിങ് റോഡും (കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ പിൻവശം) കടന്ന് നീണ്ടുപോയി. രാവിലെ ക്ഷേത്രത്തിനകത്തേക്ക്‌ കടക്കാൻ ഭക്തർക്ക് 300 മീറ്റർ അകലെ ഇന്നർ റിങ് റോഡിന്റെ അറ്റത്ത് ചെന്നു നിൽക്കേണ്ടി വന്നു. ആ വരി പടിഞ്ഞാറും തെക്കും നടപ്പന്തലിലൂടെ കിഴക്കേനടയിലെ പ്രധാന ക്യൂപ്പന്തലിലെത്തി വേണം ഭക്തരെ അകത്തേയ്ക്ക്‌ പ്രവേശിപ്പിക്കാൻ.

അത്രയും നീളൻ വരികൾ താണ്ടിയ ഒരു ഭക്തന് അകത്തേയ്ക്ക്‌ ഒന്നു കടന്നുകിട്ടാനാണ് അഞ്ചു മണിക്കൂർ വേണ്ടിവന്നത്. ഞായറാഴ്ച 40 കല്യാണങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ക്ഷേത്രനടയിൽ നിന്നുതിരിയാനിടമുണ്ടായില്ല. തുടർച്ചയായ അവധി ദിനങ്ങൾ കിട്ടിയതുകൊണ്ടാണ് ദർശനത്തിന് ഭക്തരുടെ ഇത്രമാത്രം തിരക്കുണ്ടായത്. പ്രസാദം ശീട്ടാക്കാനും പിന്നീടവ വാങ്ങാനും തിരക്കൊഴിഞ്ഞ നേരമുണ്ടായില്ല. ക്ലോക്ക് മുറികൾക്കു മുൻപിലും നീണ്ട വരിയായിരുന്നു. കൗണ്ടറുകളുടെ എണ്ണം കൂടിയിട്ടും രക്ഷയുണ്ടായില്ല. നടക്കാൻ പോലും പറ്റാത്ത സ്ഥിതിയിലായിരുന്നു ക്ഷേത്രനടയിലെ തിരക്കുകൾ.

ഗുരുവായൂരിൽ നെയ്‌വിളക്ക് വഴിപാട് 31 ലക്ഷം

ഗുരുവായൂർ : ക്ഷേത്രത്തിൽ വരി നിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ്‌വിളക്ക് ശീട്ടാക്കിയ വകയിൽ ഞായറാഴ്ചത്തെ വരുമാനം 31 ലക്ഷം. അഞ്ചു പേർക്ക് തൊഴാനുള്ള 4500 രൂപയുടെ വഴിപാടു മാത്രം 82 ലക്ഷം രൂപയുടേതാണ്. തുലാഭാരം വഴിപാടിനത്തിൽ 25.47 ലക്ഷം രൂപ ലഭിച്ചു. ഏഴേ മുക്കാൽ ലക്ഷം രൂപയുടെ പാൽപ്പായസം ശീട്ടാക്കി. ഞായറാഴ്ചത്തെ വഴിപാടിനത്തിലെ മൊത്തം വരുമാനം 93.74 ലക്ഷം രൂപയാണ്.