ആനമല റോഡിൽ കലുങ്ക് പണി തുടങ്ങി

അതിരപ്പിള്ളി : ആനമലറോഡിൽ കലുങ്കിന്റെ പണി തുടങ്ങി. മലക്കപ്പാറക്കടുത്ത് പത്തടിപ്പാലത്ത് കലുങ്ക് ഇടിഞ്ഞതിനെത്തുടർന്ന് താത്കാലികപാത നിർമിച്ചായിരുന്നു ഗതാഗതം.
എന്നാൽ, ഈ പാത പൊളിച്ച് ഗതാഗതം സുഗമമാക്കാൻ കലുങ്ക് പുനർ നിർമിക്കാൻ പൊതുമരാമത്തുവകുപ്പിന് നിർദേശം ലഭിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചരക്കുവാഹനങ്ങളുൾപ്പെടെ വിനോദസഞ്ചാരികളുടെ വലിയ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി എത്രയും പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്തുവകുപ്പ്.
ചാലക്കുടി ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വാഴച്ചാലിൽ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ തടയും. തമിഴ്നാട്ടിൽനിന്നു വരുന്ന വാഹനങ്ങൾ മലക്കപ്പാറ ചെക്ക്പോസ്റ്റിലും തടയും. ക്രിസ്മസ് അവധിക്കു മുൻപ് കലുങ്കിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് വാൽപ്പാറയിലെയും മലക്കപ്പാറയിലെയും വ്യാപാരികൾ ആവശ്യപ്പെട്ടു.