ബി.ജെ.പി. ഭരണം സ്വതന്ത്രരുടെ പിന്തുണയിൽ-വി.ശിവൻകുട്ടി

നഗരത്തിലുണ്ടായ വെള്ളക്കെട്ട് തിരുവനന്തപുരം കോർപ്പറേഷന്റെ അനാസ്ഥയെ തുടർന്നാണെന്നു ആരോപിച്ച് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ നടത്തിയ ധർണ മുൻമന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.
നഗരത്തിലുണ്ടായ വെള്ളക്കെട്ട് തിരുവനന്തപുരം കോർപ്പറേഷന്റെ അനാസ്ഥയെ തുടർന്നാണെന്നു ആരോപിച്ച് എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ നടത്തിയ ധർണ മുൻമന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സ്വതന്ത്രരുടെ പിന്തുണയിലാണ് ബി.ജെ.പി കോർപ്പറേഷൻ ഭരണം നിലനിർത്തുന്നതെന്നും ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്നും സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.ശിവൻകുട്ടി. പ്രതിപക്ഷവുമായി കൂടിയാലോചന ഇല്ലാതെയാണ് മേയർ വി.വി. രാജേഷ് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത്.

നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടത്തിയിട്ടില്ല. നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമില്ല. 50-ഓളം വാർഡുകളിൽ ഇപ്പോഴും കുടിവെള്ളം ലഭ്യമല്ല.

മേയർക്ക് കച്ചവട താത്പര്യമാണ്. ആറ്റുകാൽ പൊങ്കാല അടുപ്പ് വിവാദവും ഇതിന് ഉദാഹരണമാണ്. വികസനത്തിന്റെ പേരു പറഞ്ഞ് മേയർ രഹസ്യമായി വൻകിട കമ്പനികളുമായി ഡീൽ ഉണ്ടാക്കുന്നു. ഇതുവഴി അഴിമതിയാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്നും ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് മേയർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ.ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മുൻ സ്പീക്കർ എം.വിജയകുമാർ, സി.പി.എം.ജില്ലാ സെക്രട്ടറി വി.ജോയ്, മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോർപ്പറേഷൻ എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക്, കൗൺസിലർ രാഖി രവികുമാർ എന്നിവർ പങ്കെടുത്തു.

Content Highlights: CPI(M) leader V. Sivankutty alleged that the BJP survives in Thiruvananthapuram Corporation with independent support and warned of a no-confidence motion.