കാട്ടാക്കട പഞ്ചായത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞു

വർഷങ്ങളായി അറ്റകുറ്റപ്പണിയും മുടങ്ങുന്നു

കാട്ടാക്കട : കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമീണ റോഡുകളൊക്കെ പൊളിഞ്ഞ നിലയിലായതോടെ യാത്ര ദുരിതമായി. മൈലാടി-പുതുവയ്‌ക്കൽ, കൂന്താണി-മുതയിൽ, ബർമ്മ റോഡ്, മൊളിയൂർ-പൂച്ചെടിവിള, കൃഷി ഭവൻ, ആർ.ടി.ഓഫീസ്, ബി.എസ്.എൻ.എൽ. ഓഫീസുകൾ സ്ഥിതിചെയ്യുന്ന മൊളിയൂർ സ്റ്റേഡിയം റോഡ്, കോട്ടപ്പുറം-കൊല്ലോട്, കിള്ളി- പൊന്നറ, പൊന്നറ- മഠത്തിൽ തുടങ്ങിയ പ്രധാന റോഡുകളാണ് തകർന്ന നിലയിലുള്ളത്.

മഴക്കാലത്തെ വെള്ളക്കെട്ട് പല റോഡുകളിലും കാൽനടയാത്ര പോലും ദുഷ്‌കരമാക്കുന്നു. എല്ലാ റോഡുകളും ദിവസവും സ്കൂൾവാഹനങ്ങൾ ഉൾപ്പെടെ നിരവധി വണ്ടികൾ കടന്നുപോകുന്നവയാണ്.

പല റോഡുകളും ടാർ പോലും കാണാനാകാത്ത വിധം തകർന്ന നിലയിലാണ്.

ഈ റോഡുകളിലെ താമസക്കാർ അത്യാവശ്യത്തിന് ഒരു ഓട്ടോയോ, ആരെയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസോ വിളിച്ചാൽ പോലും വരാൻ മടിക്കുന്നു. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്താത്ത റോഡുകളും ഇതിൽപ്പെടുന്നു.

ആറ് മാസം മുൻപ് റോഡുകൾ ടാർ ചെയ്യുന്നതിനായി കരാർ നൽകിയിരുന്നു. എന്നാൽ ടാർ വില മൂന്ന് ഇരട്ടിയിലേറെ കൂടിയതിനാൽ കരാറുകാർ പണി ചെയ്യുന്നില്ലെന്നും ഇനി റീടെൻഡർ ചെയ്താൽ മാത്രമേ റോഡുകളുടെ പണികൾ നടത്താനാകൂവെന്നും കാട്ടാക്കട പഞ്ചായത്ത് അധികൃതർ പറഞ്ഞു.