ഗോകുലലീലയിൽ നാടലിഞ്ഞു

തിരുവനന്തപുരം : ഗോകുലലീലയുടെ വേഷപ്പകർച്ചയിൽ തിളക്കമാർന്ന കുസൃതിക്കുരുന്നുകൾ തെരുവു കീഴടക്കിയപ്പോൾ നഗരങ്ങൾ കാഴ്ചയുടെ കൗതുകവേദിയായി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകീട്ട് ജില്ലയിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്ര കമനീയം.
ഓടക്കുഴലൂതുന്ന കാർമുകിൽവർണൻ, രാധാസമേതനായ കൃഷ്ണൻ, ഗോവർധനോദ്ധാരണം, ഗജേന്ദ്രമോക്ഷം തുടങ്ങി പുരാണകഥകളെ ഓർമിപ്പിക്കുന്ന ഫ്ലോട്ടുകൾ യാത്രയ്ക്ക് അകമ്പടിയായി.
മഞ്ഞപ്പട്ടുടുത്ത് അരമണിയും മയിൽപ്പീലിയും ചൂടിയ ഉണ്ണിക്കണ്ണന്മാർ നഗരവീഥികളിൽ നിറഞ്ഞു. കണ്ണന്റെ ബാലലീലകളുമായി ഓടിക്കളിച്ചു. അമ്മമാരും ബന്ധുക്കളും അവർക്ക് ആവേശം പകരാൻ അണിനിരന്നു. മുത്തുക്കുടയേന്തിയ യുവതികൾ, ഭജനസംഘങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് അകമ്പടിയേകി.
ബാലഗോകുലത്തിന്റെ ‘മായവിട്ടുണരൂ, മാനവനായ് വളരൂ’ എന്ന സന്ദേശമുയർത്തിയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത്. വൈകീട്ട് നാലുമണിയോടെ 10 കേന്ദ്രങ്ങളിൽനിന്നും ചെറു ശോഭായാത്രകൾ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ സംഗമിച്ച് മഹാശോഭായാത്രയായി പുറപ്പെട്ടു.
പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിൽ യാത്ര ആരതിയോടെ സമാപിച്ചു. ആറ്റുകാൽ ദേവീ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയ അവൽപ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു.
വി.മുരളീധരൻ എം.എൽ.എ. ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.എൻ.സജികുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി. ബാലഗോകുലം ജില്ലാ അധ്യക്ഷൻ പ്രൊഫ.ടി.എസ്.രാജൻ അധ്യക്ഷത വഹിച്ചു. മേയർ വി.വി.രാജേഷ്, ഭാരവാഹികളായ എസ്.ഉണ്ണി വഴയില, ലിജു വി.നായർ എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ സംഘടിപ്പിച്ചു. പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തൻകോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂർ, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ഘോഷയാത്രകളിൽ പങ്കെടുത്തു.
ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം ജന്മാഷ്ടമി ദിവസം ദർശനത്തിന് നല്ല തിരക്കാണ് ഉണ്ടായിരുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഉണ്ടായിരുന്നു.
നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂർക്കട അമ്പലംമുക്ക് ശ്രീകൃഷ്ണക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകൾ നടന്നു.