മാറനല്ലൂരിലെ മോഷണ പരമ്പര; മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു

മാറനല്ലൂർ : ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ചനടത്തിയ കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. റസൽപുരം ചരിവിള പുത്തൻവീട്ടിൽ നിഷാന്ത്(37) ആണ് കഴിഞ്ഞ ഏഴിന് നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസുകളിൽ അറസ്റ്റിലായത്. ചോദ്യംചെയ്യലിൽ മാറനല്ലൂരിലും മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു.

മാറനല്ലൂരിൽ അഞ്ചിടത്ത് മോഷണം നടത്തിയെന്നാണ് ഇയാൾ പോലീസിനു മൊഴിനൽകിയിട്ടുള്ളത്. എന്നാൽ, ഒരു വർഷത്തിനിടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പത്തിലധികം വീടുകളിലാണ് മോഷണം നടന്നത്. ഇതിലൂടെ ഒരു കോടിയിലധികം രൂപയുടെ സ്വർണം നഷ്ടപ്പെട്ടതായാണ് പോലീസിന് പരാതി ലഭിച്ചത്. എന്നാൽ, 20 പവൻ സ്വർണമാണ് തനിക്കു ലഭിച്ചതെന്നാണ് പ്രതിയുടെ മൊഴി.

മോഷണക്കേസിൽ അറസ്റ്റിലായ നിഷാന്ത് റസൽപുരത്തെ അറിയപ്പെടുന്ന ക്ഷീര കർഷകനാണ്. 15-ലധികം പശുക്കളാണ് ഇയാൾക്കുള്ളത്.

ഇവയ്ത്ത് തീറ്റയ്ക്കായി പുല്ലുവെട്ടാൻ പോകുമ്പോഴും, പാൽക്കച്ചവടം നടത്താൻ പോകുമ്പോഴും മോഷണത്തിനായി വീടുകൾ കണ്ടുവെക്കുമെന്ന് പോലീസ് പറയുന്നു.

ചില വീടുകളിൽ ഒരാഴ്ചത്തേക്ക് വീട്ടുടമ കാണില്ലെന്നും പാൽ വേണ്ടെന്നും അറിയിച്ചാൽ പിന്നെ മോഷണം ആ വീട്ടിലായിരിക്കും നടത്തുന്നത്. നടത്തുന്ന മോഷണങ്ങളെല്ലാം ഒരേ രീതിയിലാണ്.

റസൽപുരത്തെ ബെവറജസ് ഗോഡൗണിൽ ചുമട്ടുതൊഴിലാളിയായും ജോലിനോക്കുന്നുണ്ട്.

റസൽപുരം പ്രദേശത്ത് മോഷണം വ്യാപകമായതോടെ മാറനല്ലൂർ പോലീസിന്റെ നേതൃത്വത്തിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപവത്കരിക്കുകയും പ്രദേശത്തെ യു.പി. സ്‌കൂളിൽ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗംചേരുകയും ചെയ്തിരുന്നു.

ഈ കൂട്ടായ്മയിലും മോഷ്ടാവ് സജീവമായി പങ്കെടുത്തിരുന്നു. പോലീസിന്റെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കാനും ഇതിലൂടെ ഇയാൾക്ക് കഴിഞ്ഞു.