കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ വികസനമില്ല, സൗകര്യങ്ങളും

കടയ്ക്കാവൂർ : നവീകരണമോ പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പോ ഇല്ലാതെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരോട് കടുത്ത അവഗണനയിലാണ് അധികൃതർ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള അഞ്ചുതെങ്ങിലേക്കും വിനോദസഞ്ചാരമേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന വക്കത്തേയ്ക്കും എളുപ്പമെത്താനുള്ള പ്രധാനസ്റ്റേഷനാണ് കടയ്ക്കാവൂർ. അധികൃതരുടെ അവഗണനയിൽ യാത്രക്കാർ കുറയുകയും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറുകയും ചെയ്തു.
കൊറോണ സമയത്ത് നിർത്തിയ ട്രെയിനുകൾക്കും യാത്രക്കാർ ഏറെയുള്ള മറ്റ് ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് യാതൊരു പരിഗണനയും അധികൃതർ നൽകുന്നില്ല. സമീപ സ്റ്റേഷനുകൾ നവീകരിച്ച് മികവുറ്റതാക്കുമ്പോഴും കടയ്ക്കാവൂർ സ്റ്റേഷനോട് അധികൃത മുഖം തിരിഞ്ഞുനിൽക്കുകയാണ്.
രാമേശ്വരംവരെ പോകുന്ന അമൃത എക്സ്പ്രസിനും മാവേലി എക്സ്പ്രസിനും തിരുവനന്തപുരം-മുംബൈ എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിൽ അധികൃതർ മൗനം തുടരുകയാണ്.
ട്രെയിനുകൾ പലതും നിർത്തിയതോടെ വല്ലപ്പോഴും എത്തുന്ന പാസഞ്ചർ ട്രെയിനുകളിലെ യാത്രക്കാർ മാത്രമാണ് സ്റ്റേഷനിൽ വന്നുപോകുന്നത്. സന്ധ്യ മയങ്ങിയാൽ സ്റ്റേഷൻ പരിസരം വിജനമാണ്. നായ്ക്കളുടെ ശല്യവും യാത്രക്കാരെ ഏറെ അലട്ടുന്നുണ്ട്. നായ്ക്കളുടെ സ്ഥിരതാവളമാണ് സ്റ്റേഷൻ.
അസൗകര്യങ്ങളുടെ നടുവിൽ
യാത്രക്കാർക്ക് അടിസ്ഥാനസൗകര്യങ്ങളും നിലവിൽ സ്റ്റേഷനിലില്ല. സ്റ്റേഷനകത്തെ ശൗചാലയം ഉപയോഗശൂന്യമാണ്. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറികളും പൂട്ടിയിട്ട നിലയിലാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്താത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പ്ലാറ്റ്ഫോമുകളിലാണ് ട്രെയിനുകൾ നിർത്തുന്നത്. പടി കയറി മേൽപ്പാതയിലൂടെ വേണം, ഇവിടെയെത്താൻ. പ്രായമായവർക്കും കാൽനടയാത്ര ബുദ്ധിമുട്ടുള്ളവർക്കും ബുദ്ധിമുട്ടാണ്.
ദിനംപ്രതി നിരവധി യാത്രക്കാരും തീർത്ഥാടകരും വയോധികരും വിദ്യാർഥികളും ആശ്രയിക്കുന്ന പ്രധാനപ്പെട്ട സ്റ്റേഷനായിട്ടും അധികൃതർ മതിയായ പരിഗണന നൽകുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ട്രെയിൻ സ്റ്റോപ്പുകളുടെ അഭാവവും ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടാക്കുന്നുണ്ട്. മലബാർ, തെക്കൻ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ പരശുറാം എക്സ്പ്രസ്, ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കടയ്ക്കാവൂരിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങളായ പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും വർധിപ്പിക്കുക, മേൽക്കൂരകൾ കൂടുതൽ ഇടങ്ങളിൽ നിർമ്മിക്കുക, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി ലിഫ്റ്റുകളോ എസ്കലേറ്റർ സൗകര്യങ്ങളോ ഏർപ്പെടുത്തുക, ആവശ്യത്തിന് ലൈറ്റ് സ്ഥാപിക്കുക, ശുചിമുറികൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്.
തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർക്ക് പെട്ടെന്ന് ടിക്കറ്റ് ലഭ്യമാക്കാൻ കൂടുതൽ കൗണ്ടറുകൾ വേണമെന്ന് സ്ഥിരം യാത്രക്കാർ ആവശ്യപ്പെടുന്നു.