കന്നിപ്പുറം പാലം നിർമാണം പുനരാരംഭിച്ചു

കോടതിമതിൽ ഡിസംബറിൽ പൊളിച്ചുനിർമിക്കും

നെയ്യാറ്റിൻകര : രണ്ടു മാസത്തിലേറെയായി നിലച്ച കന്നിപ്പുറം പാലത്തിന്റെ നിർമാണം പുനരാരംഭിച്ചു. അപ്രോച്ച് റോഡിന്റെ ഭാഗമായ കോടതിമതിൽ പൊളിച്ച് പുനർനിർമിക്കുന്നത് ഡിസംബറിൽ കോടതി അവധിക്കാലത്തായിരിക്കും. എന്നാൽ അപ്രോച്ച് റോഡിലെ ഓടയുടെ നിർമാണം ഈ മാസം ആരംഭിക്കും.

നിർമാണക്കരാറെടുത്ത സ്ഥാപനം പണികൾ നിർത്തിവെച്ചിരുന്നു. ഇതുകാരണം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം നിലച്ചിരുന്നു. കെ.ആർ.എഫ്.ബി.യുടെ മേൽനോട്ടത്തിലാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം നടക്കുന്നത്.

പാലം നിർമാണം സ്തംഭനത്തിലായതിനെക്കുറിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കരാർ പണിയിലെ തടസ്സം അധികൃതർ ഇടപെട്ട് നീക്കി. പിന്നാലെയാണ് പാലം നിർമാണം പുനരാരംഭിച്ചത്. കിഫ്ബി 15.5 കോടി രൂപ ചെലവിട്ടാണ് പാലവും അപ്രോച്ച് റോഡും നിർമിക്കുന്നത്.

കോടതിറോഡിൽ നിന്നാരംഭിച്ച് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിൽവരെ എത്തുന്നതാണ് നിർദിഷ്ട പാലവും അപ്രോച്ച് റോഡും. പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായതിനു പിന്നാലെയാണ് നിർമാണം നിലച്ചിരുന്നത്. നെയ്യാറ്റിൻകര നഗരത്തെ ഇരുമ്പിൽ, തേവിയൽ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനാണ് കന്നിപ്പുറത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലം നിർമാണം ആരംഭിച്ചത്.

കോടതിറോഡുമുതൽ ആരംഭിക്കുന്ന അപ്രോച്ച് റോഡ് തേവിയൽ കവലവരെയാണ് നീളുന്നത്. അപ്രോച്ച് റോഡിനായി കോടതിയുടെ സ്ഥലം വിട്ടുനൽകിയെങ്കിലും ഏറ്റെടുക്കുന്ന സ്ഥലത്ത് പുതിയ മതിൽ നിർമിച്ചശേഷമേ നിലവിലെ മതിൽ പൊളിച്ചുനീക്കാവൂയെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി അവധിയാകുന്ന ഡിസംബറിൽ പുതിയ മതിൽ നിർമിച്ചശേഷം നിലവിലെ മതിൽ പൊളിച്ചുനീക്കി അപ്രോച്ച് റോഡ് നവീകരിക്കാനാണ് കെ.ആർ.എഫ്.ബി. ശ്രമിക്കുന്നത്.

ഇതിന്റെ തുടക്കമായി അപ്രോച്ച് റോഡിൽ ഈ മാസംമുതൽ ഓടയുടെ നിർമാണം ആരംഭിക്കും. ഓട നിർമിച്ച് റോഡ് നിരത്തിയശേഷമേ ചല്ലിപാകി റോഡ് ടാറിടൂ. നിലവിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണക്കരാർ കാലാവധി മാർച്ചിൽ അവസാനിക്കും. അതിനുമുൻപായി നിർമാണം പൂർത്തീകരിക്കാനാണ് കെ.ആർ.എഫ്.ബി.യുടെ ശ്രമം.