വാഴകൃഷിയിൽ സമൃദ്ധിയുടെ വിളവെടുപ്പുമായി പ്രവാസി കർഷകൻ

വർക്കല : പ്രവാസ ജീവിതത്തിനുശേഷം മണ്ണിനെയും കൃഷിയെയും ചേർത്തുപിടിച്ച് മുന്നേറുകയാണ് പ്രഭാകരൻനായർ എന്ന സംരംഭകൻ.
പ്രവാസി ജീവിതത്തിന്റെ അനുഭവങ്ങളും ബിസിനസ് രംഗത്തെ വളർച്ചയും കൈമുതലാക്കിയാണ് കൃഷിയിലെ പച്ചപ്പിലേക്കിറങ്ങി അദ്ദേഹം വിജയം കൊയ്യുന്നത്.
വാഴകൃഷിയിലാണ് അദ്ദേഹം മികവ് തെളിയിച്ചത്. വർക്കല കുരയ്ക്കണ്ണി പാറയിൽ തറവാട്ടിലെയും സമീപമുള്ള പുരയിടങ്ങളെയുമാണ് കൃഷിഭൂമിയാക്കിയത്. ആയിരത്തോളം വാഴകളാണ് വിളവെടുപ്പിന് തയ്യാറായി നിൽക്കുന്നത്.
42 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം ബിസിനസിനൊപ്പം ഭൂമി വാങ്ങാനാണ് ശ്രമിച്ചത്. കൃഷിയോടുള്ള താത്‌പര്യം കാരണം വാങ്ങിയ പറമ്പുകളിലെല്ലാം പലവിധ കൃഷികൾ നടത്തി. ഒന്നേമുക്കാൽ ഏക്കറിലുള്ള പറമ്പിൽ എല്ലാ ഇനങ്ങളിലുമുള്ള വാഴകൾ കൃഷി ചെയ്യുന്നുണ്ട്. റോബസ്റ്റയാണ് ഏറ്റവുമധികമുള്ളത്.
ഏത്തൻ, പാളയംതോടൻ, പൂവൻ, ഞാലിപ്പൂവൻ, മട്ടി, കപ്പ, കൂമ്പില്ലാകണ്ണൻ എന്നിവയെല്ലാം കൃഷി ചെയ്യുന്നു. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.കൃഷിയെ കേവലം ഒരു ഉപജീവനമാർഗമായി മാത്രം കാണാതെ ആസൂത്രണത്തോടെയും ഉത്തരവാദിത്വത്തോടെയും മുന്നോട്ടു കൊണ്ടുപോകേണ്ട ഒരു സംരംഭമായാണ് പ്രഭാകരൻനായർ കാണുന്നത്.
കൃഷിയിടത്തിലെ ഓരോ ഘട്ടത്തിലും കൃത്യമായ പരിചരണവും സമയബന്ധിതമായ ഇടപെടലുകളും അദ്ദേഹം ഉറപ്പാക്കും. മണ്ണിര കമ്പോസ്റ്റ് സ്വന്തമായി ഉണ്ടാക്കും. പ്രാദേശിക വിപണികളിലാണ് വാഴക്കുലകൾ വിൽപ്പന നടത്തുന്നത്.
വാഴയ്‌ക്കൊപ്പം റമ്പൂട്ടാൻ, പച്ചക്കറികൾ, ഡ്രാഗൺ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
വിദേശത്ത് ജോലി ചെയ്തു ജീവിതം കെട്ടിപ്പടുത്തശേഷം നാട്ടിലെത്തി കൃഷിയിലേക്ക് തിരിയുന്നവരുടെ എണ്ണം വർധിച്ചുവരുന്ന കാലമാണിത്.
അവർക്ക് പ്രചോദനമാണ് സ്വന്തം മണ്ണിൽ അധ്വാനത്തിലൂടെ സമൃദ്ധിയുടെ വിളവെടുപ്പ് നടത്തുന്ന പ്രഭാകരൻനായർ എന്ന കർഷകന്റെ ജീവിതം.
അടുത്ത വർഷത്തെ ഓണം ലക്ഷ്യമിട്ടുള്ള കൃഷിവകുപ്പിന്റെ ‘ഏത്തവാഴ നടാം’ പദ്ധതിയിൽ കൃഷി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.