മണ്ണിടിഞ്ഞ് ഫ്ളാറ്റിനു മുന്നിലെറോഡ് തകർന്നു

60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
സംഭവം ആക്കുളം അലത്തറയിൽ സ്കൂൾ കെട്ടിടത്തിന്റെ നിർമാണത്തിനിടെ
10മീറ്റർ വീതിയുള്ള റോഡ് ഇടിഞ്ഞ് രണ്ടുമീറ്ററായി
തിരുവനന്തപുരം : ആക്കുളത്ത് ഫ്ളാറ്റിനു മുന്നിലെ റോഡ് ഇടിഞ്ഞുതാണതിനെത്തുടർന്ന് കെട്ടിടത്തിന്റെ സുരക്ഷയിൽ ആശങ്ക. ഈ ഫ്ളാറ്റിൽ താമസിക്കുന്ന അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ആക്കുളം അലത്തറയിൽ പി.ആർ.എസ്. ഫ്ളാറ്റിന്റെ മുന്നിലെ റോഡ് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ വൻശബ്ദത്തോടെ ഇടിഞ്ഞുതാഴുകയായിരുന്നു. പത്ത് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് ഇടിഞ്ഞ് രണ്ട് മീറ്ററായി കുറഞ്ഞു.
ഫ്ളാറ്റിന്റെ സമീപത്തായി സ്കൂൾ കെട്ടിടത്തിനായി നിർമാണം നടക്കുന്നതിനിടെയാണ് അപകടം. സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി 30 മീറ്ററിലധികം താഴ്ചയിൽ മണ്ണെടുത്തിട്ടുണ്ട്.
ഇതാണ് സമീപ ഭാഗങ്ങളിൽ മണ്ണിടിച്ചിലിനു കാരണമായതെന്ന് ഫ്ലാറ്റിലെ താമസക്കാർ ആരോപിക്കുന്നു.
കഴിഞ്ഞ മാർച്ചിലാണ് സ്കൂൾ ഓഫ് ദി ഗുഡ് ഷെപ്പേർഡ്സിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതിനുശേഷം പല തവണ മണ്ണിടിച്ചിലുണ്ടായി. കുന്നിൻപ്രദേശത്താണ് നിർമാണം നടക്കുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായപ്പോഴൊക്കെ അപ്പാർട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ സ്കൂൾ അധികൃതരെ ആശങ്ക അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ആവർത്തിച്ചതോടെ അസോസിയേഷനും സ്കൂൾ അധികൃതരും തമ്മിൽ ധാരണാപത്രം ഉണ്ടാക്കുകയും ഒക്ടോബർ 15-നകം സംരക്ഷണഭിത്തി നിർമിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
സുരക്ഷാജീവനക്കാർ അറിയിച്ചപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ വിവരം ഫ്ലാറ്റിലെ താമസക്കാർ അറിയുന്നത്. ഇതോടെ പരിഭ്രാന്തിയിലായ താമസക്കാരിൽ ചിലർ ഹോട്ടലുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി. പത്ത് മീറ്ററോളം വീതിയുണ്ടായിരുന്ന റോഡ് ഇടിഞ്ഞ് രണ്ട് മീറ്ററായി കുറഞ്ഞു.
ഇതോടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം മാറ്റാൻ ബുദ്ധിമുട്ടുണ്ടായി.
കളക്ടർ അടിയന്തര യോഗം വിളിച്ചു
അപകടത്തെത്തുടർന്ന് വി.മുരളീധരൻ എം.എൽ.എ., കോർപ്പറേഷൻ അധികൃതർ, റവന്യു, പൊതുമരാമത്ത്, മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. പിന്നീട് കളക്ടർ അടിയന്തര യോഗം വിളിച്ചു. കെട്ടിടത്തിനു ബലക്ഷയമില്ലെന്നും അപ്രോച്ച് റോഡ് തകർന്നതാണ് പ്രശ്നമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ഫ്ളാറ്റിലെ താമസക്കാർക്ക് പുറത്ത് താത്കാലിക സംവിധാനമൊരുക്കാൻ യോഗം തീരുമാനിച്ചു. ഇതിനുള്ള ചെലവ് സ്കൂൾ അധികൃതർ വഹിക്കും. സ്വന്തംനിലയിൽ ബന്ധുവീടുകളിലോ മറ്റോ മാറണമെന്നുള്ളവർക്ക് അങ്ങനെയും ആകാമെന്നും യോഗത്തിൽ ധാരണയായി. പുറത്ത് ഹോട്ടലുകളിലും മറ്റുമാകും സൗകര്യമൊരുക്കുക. ആവശ്യമുള്ളവർ ഫ്ളാറ്റിന്റെ കെയർടേക്കറെ അറിയിക്കണം. ഇദ്ദേഹം റവന്യൂ അധികൃതർക്ക് ലിസ്റ്റ് കൈമാറുകയും ചെയ്യും. ഇതനുസരിച്ചാകും സ്കൂൾ അധികൃതർ സൗകര്യമൊരുക്കുക.
ഞെട്ടിപ്പോയെന്ന് താമസക്കാർ
പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോഴാണ് കെയർടേക്കർ കോളിങ് ബെല്ലടിച്ചത്. മണ്ണിടിച്ചിലുണ്ടായെന്നും എത്രയുംപെട്ടെന്ന് ആവശ്യമുള്ള സാധനങ്ങളുമെടുത്ത് മാറാനുമായിരുന്നു നിർദേശം. ഇലക്ട്രിക്കൽ ഉപകരണങ്ങളും ഗ്യാസ് സിലിൻഡറുമടക്കം ഓഫാക്കാനും നിർദേശിച്ചു.
ചെറിയ കുട്ടികളടക്കമുള്ളതാണ്. പുലർച്ചെ തന്നെ ഹോട്ടലിലേക്കു താമസം മാറിയെന്ന് ഫ്ളാറ്റിലെ താമസക്കാരനും ഐ.ടി. ജീവനക്കാരനുമായ വിശാഖ് പറഞ്ഞു.
എല്ലാ സഹായവും നൽകും -സ്‌കൂൾ അധികൃതർ
അധികൃതരുടെ നിർദേശങ്ങളോടു പൂർണമായും സഹകരിക്കുമെന്ന് ഗുഡ് ഷെപ്പേർഡ് സ്കൂൾ അധികൃതർ അറിയിച്ചു.
മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമാണം നടത്തുന്നത്. ഫ്ളാറ്റിനു സംരക്ഷണഭിത്തി കെട്ടിനൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതു പാലിക്കും. ഇപ്പോൾ ഇടിഞ്ഞ സ്ഥലം പത്തുദിവസത്തിനുള്ളിൽ പുനർനിർമിച്ച് നൽകുമെന്നും അതുവരെ ഫ്ളാറ്റുടമകളെ താമസിപ്പിക്കാനുള്ള ചെലവ് വഹിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.