മുതലപ്പൊഴി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ: ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ; ഉപയോഗിക്കാനായില്ല

ചിറയിൻകീഴ് : മുതലപ്പൊഴിയിലെത്തുന്ന സഞ്ചാരികൾക്കായി കോടികൾ ചെലവഴിച്ച് നിർമ്മിച്ച മുതലപ്പൊഴി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും തുറക്കുന്നില്ല. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മുതലപ്പൊഴിയിൽ സഞ്ചാരികൾക്ക് പ്രയോജനമാകേണ്ട സെന്ററാണ് പൂട്ടിക്കിടക്കുന്നത്.
മുതലപ്പൊഴിയിലെത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലയുമ്പോഴാണ് അധികൃതരുടെ അവഗണനയിൽ ഈ കേന്ദ്രം പൂട്ടിയിട്ടിരിക്കുന്നത്.
തുറക്കാതെ
2020-ൽ തറക്കല്ലിട്ട പദ്ധതിക്കായി ടൂറിസം വകുപ്പ് മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടരവർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. തുടർന്ന് ഒന്നരവർഷത്തോളം കേന്ദ്രം പൂട്ടിയിട്ടു. ഇക്കാരണത്താൽ പ്രധാന ഗേറ്റും സ്റ്റാളുകളായി ക്രമീകരിച്ച കടമുറികളുടെ വാതിലുകളും ഇലക്‌ട്രിക് ഉപകരണങ്ങളും തുരുമ്പെടുത്ത് നശിച്ചു. കേന്ദ്രത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.
തുടർന്ന് അധികൃതർ 10 ലക്ഷം രൂപ കൂടി അധികമായി ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നു. പിന്നീട് ടൂറിസം മന്ത്രിയായിരുന്ന പി.എ. മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികൾക്കായുള്ള കളിസ്ഥലം, കഫ്റ്റീരിയ, ഓപ്പൺ എയർ ഓഡിറ്റോറിയം, വൃത്തിയുള്ള ശൗചാലയങ്ങൾ തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമുള്ള സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടെങ്കിലും ആർക്കും പ്രവേശനമില്ല.
അസൗകര്യങ്ങൾ അകറ്റുന്നു
മതിയായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം സഞ്ചാരികൾ പ്രദേശത്തുനിന്ന് അകലുകയാണ്. ബീച്ചിന് അഭിമുഖമായി ഇരിപ്പിടങ്ങളോ ആവശ്യത്തിന് തെരുവുവിളക്കുകളോ ഇല്ല. അറ്റകുറ്റപ്പണികൾക്കുശേഷവും ഇവിടെ സ്ഥാപിച്ചിട്ടുള്ള തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. അതിനാൽ ഇരുട്ടു വീഴുംമുൻപ് സഞ്ചാരികൾക്ക് മടങ്ങേണ്ട സ്ഥിതിയാണ്. ലൈഫ് ഗാർഡുകളുടെ സേവനമില്ലാത്തതും രൂക്ഷമായ മാലിന്യപ്രശ്‌നവും തീരത്തിന് പ്രതിസന്ധിയാകുന്നു.
മുതലപ്പൊഴി അഴിമുഖത്തുനിന്ന് അകലെയാണ് ഈ ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത് തുറന്നാൽത്തന്നെ സഞ്ചാരികൾക്ക് എത്രത്തോളം ഉപകാരപ്പെടുമെന്നതിലും ആശങ്കയുണ്ട്. പദ്ധതി നടത്തിപ്പിനായി കേന്ദ്രം നിലവിൽ ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിന് കൈമാറി.
ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ഉടൻ ലേലനടപടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ട്. കേന്ദ്രം പൂർത്തിയാക്കി തുറക്കുന്നത് കാത്തിരിക്കുകയാണ് നാട്ടുകാരും സഞ്ചാരികളും.