മാലിന്യം നിറഞ്ഞ് പൂവാർ കടപ്പുറം

പൂവാർ : നാടിനാകെ ആരോഗ്യഭീഷണി ഉയർത്തി പൂവാർ കടപ്പുറത്തെ മാലിന്യക്കുളം. ചെറിയ വെള്ളക്കെട്ടായിരുന്ന ഭാഗം ഇപ്പോൾ മാലിന്യവും മലിനജലവും നിറഞ്ഞ് ഒരു കുളമായി മാറിയിട്ടുണ്ട്. ഇവിടെ കടപ്പുറത്തെ മണലിൽ മാലിന്യം നിറഞ്ഞ വെള്ളക്കെട്ട് വർഷങ്ങളായി തുടർന്നിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ജനസാന്ദ്രതയേറെയുള്ള പൂവാർ ഇ.എം.എസ്. നഗറിനു സമീപത്താണ് രോഗഭീതി ഉയർത്തുന്ന മാലിന്യക്കുളം. മഴക്കാലത്ത് മാലിന്യവും മലിനജലവും കടപ്പുറം മുഴുവൻ വ്യാപിക്കുന്ന സ്ഥിതിയാണ്. ഇതിനെതിരേ പൂവാർ ഗ്രാമപ്പഞ്ചായത്തിൽ ഒട്ടേറെ പരാതികൾ നൽകിയിരുന്നു. എന്നാൽ, അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
പൂവാറിൽനിന്നു തീരത്തേക്ക് എത്തുന്ന പ്രധാന അഴുക്കുചാലുകളിലൊന്നിലെ മാലിന്യമാണ് തീരത്തേക്ക് ഒഴുകിയെത്തുന്നത്. അഴുക്കുചാൽ കടപ്പുറത്ത് അവസാനിക്കുന്ന തരത്തിലാണ് നിർമാണം. ഇവിടെ നിറയുന്ന മലിനജലം ഒഴുകിപ്പോകാൻ മറ്റു സംവിധാനങ്ങളൊന്നുമില്ല. പ്രദേശത്താകെ ദുർഗന്ധം നിറഞ്ഞ നിലയിലാണ്.
പ്രശ്നപരിഹാരത്തിനായി ശ്രമം തുടരും
പൂവാർ കടപ്പുറത്ത് മലിനജലവും മാലിന്യവും നിറയുന്നത് തടയാനുള്ള പദ്ധതി ആവിഷ്കരിക്കണം. പഞ്ചായത്ത് കമ്മിറ്റിയിലുൾപ്പെടെ ഈ വിഷയം ചർച്ചചെയ്തു. എം.പി. ഉൾപ്പെടെയുള്ളവർക്ക് അടിയന്തര നടപടിക്കായി കത്ത് നൽകിയിട്ടുണ്ട്. അടിയന്തരമായി ഇവിടത്തെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനാവും എന്നാണ് പ്രതീക്ഷ.
ജിസ്തി, ഗ്രാമപ്പഞ്ചായത്ത് അംഗം,പൂവാർ