നെടുമങ്ങാട് ഹൈടെക് മാർക്കറ്റ്: പണിതിട്ടും പണിതിട്ടും പണിതീരാതെ...

ഏകോപനമില്ലാത്തത് അടിസ്ഥാനകാരണം
നെടുമങ്ങാട് : ജില്ലയിലെ ഏറ്റവും വലിയ ഹൈടെക്് മാർക്കറ്റായി പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ നെടുമങ്ങാട് ഹൈടെക് മാർക്കറ്റ് സമുച്ചയത്തിന്റെ പണി ഇഴഞ്ഞുനീങ്ങുന്നു. ഗതികെട്ട അവസ്ഥയിലാണിപ്പോൾ പൊതുചന്ത. പാതി കെട്ടിയിട്ട നിർമിതികൾ മഴയും വെയിലുമേറ്റ് കമ്പികൾ തുരുമ്പെടുത്ത് നശിക്കുന്നു.
പൊതുജനങ്ങൾക്ക് ഇതുവഴി നടക്കാനാകുന്നില്ല. നിർമ്മാണസാമഗ്രികൾ പലയിടങ്ങളിലായി ടാർപ്പോളിൻകൊണ്ട് മൂടിയിരിക്കുന്നു. ജോലിക്കാരുടെ കുറവുകാരണം പലയിടങ്ങളിലായി നിർമ്മാണപ്രവർത്തനങ്ങൾ ചിതറിക്കിടക്കുന്ന സ്ഥിതി. നെടുമങ്ങാടിന്റെ മുഖം മിനുക്കുമെന്ന് പറഞ്ഞ് തുടങ്ങിയാണ് ഇപ്പോൾ നെടുമങ്ങാട് ടൗണിന്റെ വലിയ കുറവായി മാറിയിരിക്കുന്നത്.
നാട്ടുകാരുടെ ചോദ്യങ്ങൾ
കോടികൾ മുടക്കി തുടങ്ങിയ പൊതുചന്ത പദ്ധതി എന്തുകൊണ്ട് ഇഴഞ്ഞുനീങ്ങുന്നു. നിർമ്മാണക്കമ്പനിയുടെ വീഴ്ചയാണോ, ഫണ്ട് തടസ്സമാണോ. അതോ മേൽനോട്ടക്കുറവാണോ സംഭവിക്കുന്നത്. ഇതിന് അധികൃതരിൽനിന്ന് വ്യക്തമായ മറുപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏകോപനമില്ലാത്തത് അടിസ്ഥാനകാരണം
പ്രതീക്ഷയോടെയാണ് നെടുമങ്ങാടുകാർ ഹൈടെക് ചന്തയെ കണ്ടത്. നിർമാണോദ്ഘാടനസമയത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിഞ്ഞിട്ടില്ല. അധികൃതരുടെ ഭാഗത്തു വലിയ വീഴ്ചയുണ്ട്. ആവശ്യത്തിന് ജോലിക്കാരില്ല. ഇത് നിർമാണത്തിന് വിലങ്ങുതടിയാകുന്നു. ഏകോപനമില്ലാത്തതും നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണമാകുന്നുണ്ട്.
കായ്പാടി രാജേഷ്പൊതുപ്രവർത്തകൻ
നന്നായി പ്രവർത്തിച്ചിരുന്ന ചന്ത
നന്നായി പ്രവർത്തിച്ചിരുന്ന നെടുമങ്ങാട് ചന്തയിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിന് കച്ചവടക്കാർവന്നുപോയിരുന്നത്. കാർഷികോത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് താലൂക്കിൽത്തന്നെ പേരുകേട്ട ചന്തയാണ് പൊളിച്ചുമാറ്റിയത്. ഇതോടെ കർഷകർ ദുരിതത്തിലായി. സ്ഥിതി ഇങ്ങനെയാണെങ്കിൽ അധികകാലം കഴിയുന്നതിനുമുമ്പ് നെടുമങ്ങാട് ചന്തതന്നെ അപ്രത്യക്ഷമാകും.
കല്ലിങ്കൽ സലിം, മാതൃഭൂമി ഏജന്റ്