ബാലരാമപുരം പഞ്ചായത്തിൽ മൈതാനം വാഗ്ദാനങ്ങളിലൊതുങ്ങി

മൈതാനം നിർമിക്കാൻ സ്ഥലം വിലയ്ക്ക് വാങ്ങണം

ബാലരാമപുരം : ബാലരാമപുരത്ത് സ്വന്തമായി മൈതാനമെന്നത് വാഗ്ദാനങ്ങളിലൊതുങ്ങി.

മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ പ്രദേശത്തെ യുവാക്കളുടെയും കായികതാരങ്ങളുടെയും മുന്നിൽ വോട്ട് അഭ്യർഥിച്ചെത്തുമ്പോൾ നൽകുന്ന വാഗ്ദാനം ഇതുവരെയും പാലിക്കാനായിട്ടില്ലെന്നാണ് പരാതി.

ബാലരാമപുരം പഞ്ചായത്തിന്റെ കേരളോത്സവം 13 മുതൽ 15 വരെയാണ്. ഇത്തവണയും കേരളോത്സവത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മത്സരത്തിനായി പലയിടങ്ങളിലായി പോകേണ്ട സ്ഥിതിയാണ്‌.

നെയ്യാറ്റിൻകര നഗരസഭാമൈതാനത്തും മംഗലത്തുകോണം ക്ഷേത്രമൈതാനത്തും ബാലരാമപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ടർഫുകളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. വിവിധയിടങ്ങളിൽ മത്സരങ്ങൾ നടത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്നാണ് കായികതാരങ്ങളുടെ പരാതി.

പഞ്ചായത്തിലെ വിവിധ ക്ലബ്ബുകളിലെ താരങ്ങളൊരുമിച്ച് മൈതാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് കോഴോട് മണ്ണ് മൂടി ഉപയോഗശൂന്യമായി കിടക്കുന്ന കുളം കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ഒരു കൂട്ടം യുവാക്കൾ സ്ഥിരമായി കുളത്തിന്റെ കുറച്ചു ഭാഗം കളിസ്ഥലമാക്കിയതിനെത്തുടർന്നാണ് മൈതാനം നിർമ്മിക്കാൻ പഞ്ചായത്തും മുൻകൈയെടുത്തത്.

എന്നാൽ തണ്ണീർത്തടങ്ങൾ നികത്തിയുള്ള നിർമാണത്തിനുള്ള കർശനനിയന്ത്രണങ്ങളെയും പ്രദേശത്തെ കർഷകരുടെ പരാതിയെയും തുടർന്ന് കരിപ്പിട്ടിച്ചിറക്കുളത്തിലെ മൈതാനനിർമ്മാണം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിക്കുകയായിരുന്നു.

പഞ്ചായത്തിൽ പലയിടത്തായി മണ്ണ് മൂടി ഉപയോഗശൂന്യമായ കുളങ്ങൾ ധാരാളമുണ്ട്. ഇവിടെയൊക്കെ പല പദ്ധതികളും നടപ്പിലാക്കുന്നതിനാണ് പഞ്ചായത്ത് ഭരണസമിതികൾ ശ്രമിക്കുന്നത്.

പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് അറിയാമായിട്ടും പഞ്ചായത്ത് ഭരണസമിതികൾ ഇത്തരത്തിൽ ശ്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ഉപയോഗശൂന്യമായി കിടക്കുന്ന ഒരു കുളവും വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

മൈതാനം നിർമിക്കാൻ സ്ഥലം വിലയ്ക്ക് വാങ്ങണം

മണ്ണ് മൂടി ഉപയോഗശൂന്യമായിക്കിടക്കുന്ന കുളങ്ങളിൽ മൈതാനത്തിന്റെ നിർമാണം നടത്താൻ സാധിക്കില്ല. കരുപ്പട്ടിച്ചിറക്കുളവുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും പുതിയ പഞ്ചായത്ത് ഭരണസമിതി എടുത്തിട്ടില്ല. പഞ്ചായത്തിൽ മൈതാനം നിർമിക്കണമെങ്കിൽ വസ്തു വിലയ്ക്ക് വാങ്ങണം. അതിനു ഫണ്ട് കണ്ടെത്താൻ ശ്രമിക്കും.

കെ.പി. ഷീല (ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ്)