ഇടവ ലെവൽക്രോസിൽ ബസിടിച്ചു; പൂട്ട് തകർന്നു

വർക്കല : ഇടവ റെയിൽവേ ലെവൽക്രോസിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ഗേറ്റിന്റെ ലോക്ക് സംവിധാനം തകർന്നു. അപകടത്തെത്തുടർന്ന് ലെവൽക്രോസ് വഴിയുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.

വ്യാഴാഴ്ച വൈകീട്ട് 4.50 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുള്ള വന്ദേഭാരത് തീവണ്ടിക്കായി ലെവൽ ക്രോസിലെ ഗേറ്റ് അടച്ചിരുന്നു. തീവണ്ടി കടന്നുപോയി ഗേറ്റ് തുറന്നതിനു പിന്നാലെ കൊല്ലം ഭാഗത്തേക്കുള്ള പാസഞ്ചർ തീവണ്ടി കടന്നുപോകാനായി വീണ്ടും ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഗേറ്റ് അടയ്ക്കാൻ തുടങ്ങിയതോടെ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ ധൃതിയിൽ ലെവൽക്രോസ് കടന്നുപോകാൻ ശ്രമിച്ചു. ഇതിനിടെ കാപ്പിൽ ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഭാഗം ഗേറ്റിന്റെ ലോക്ക് സ്റ്റാൻഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോക്ക് സംവിധാനത്തിന് കേടുപാടുണ്ടായി.

ഇതോടെ പാസഞ്ചർ തീവണ്ടി കടന്നുപോകുന്നതിനായി ഗേറ്റ് പൂർണമായി അടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കയർ ഉപയോഗിച്ച് ഗേറ്റ് സ്റ്റാൻഡ് കെട്ടിനിർത്തി. ഇതോടെ പാസഞ്ചർ തീവണ്ടി കടന്നുപോയി. ഗേറ്റിന്റെ ലോക്ക് സംവിധാനം തകർന്നതോടെ ലെവൽക്രോസ് വഴിയുള്ള റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതോടെ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വാഹനങ്ങൾ സമീപത്തെ ഇടറോഡുകളിലൂടെ തിരിച്ചുവിട്ടു.