കാര്യവട്ടത്ത് കെ.സി.എൽ. ഫൈനൽ ഇന്ന്

തിരുവനന്തപുരം : ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശം പകർന്ന കെ.സി.എൽ. (കേരള ക്രിക്കറ്റ് ലീഗ്) മൂന്നാം സീസൺ ശനിയാഴ്ച സമാപിക്കും. രാത്രി 8-ന് കാര്യവട്ടം ഗ്രീൻഫിൽഡ് സ്‌റ്റേഡിയത്തിലാണ് ആവേശം നിറഞ്ഞ ഫൈനൽ അരങ്ങേറുക.

ഫൈനലിന് മുന്നോടിയായി വൈകുന്നേരം 5.30 മുതൽ സ്‌റ്റേഡിയത്തിൽ കലാപരിപാടികളും നടക്കും. ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തൽ ‘പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോയാണ് ഉണ്ടാവുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

സംഗീതവിരുന്നിനുശേഷമാണ് കലാശപ്പോരാട്ടത്തിനു തുടക്കമാവുക.കഴിഞ്ഞ രണ്ടാഴ്ചയായി കൗമാരകേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കമാണ് ഗ്രീൻഫീൽഡിൽ അരങ്ങേറിയത്.

ട്വന്റി20 മത്സരങ്ങളുടെ ആവേശം പങ്കുവെച്ച മത്സരങ്ങളിൽ ആറ്‌ ടീമുകളാണ് ഏറ്റുമുട്ടിയത്. സെമി ഫൈനലുൾപ്പെടെ അവസാനബോൾ ത്രില്ലറുകൾ ടൂർണമെന്റിന്റെ ആവേശം ഇരട്ടിപ്പിച്ചു. 32 മത്സരങ്ങളിലായി പതിനായിരത്തിലധികം റണ്ണാണ് ഗ്രീൻഫീൽഡിലെ പിച്ചുകളിൽനിന്നു പിറന്നത്. ഒൻപത് ബാറ്റർമാരാണ് 300-ലധികം റൺസ് അടിച്ചുകൂട്ടിയത്.കേരള ക്രിക്കറ്റിനു പുത്തൻ താരങ്ങളെ സമ്മാനിച്ചാണ് കെ.സി.എൽ. മൂന്നാം സീസണ് തിരശ്ശീല വീഴുന്നത്.

ഐ.പി.എൽ. ടീമുകളിലേക്ക്‌ താരങ്ങളെ കണ്ടെത്താനുള്ള സ്‌കൗട്ടിങ് സംഘങ്ങളും ഇക്കാലയളവിൽ സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ടായിരുന്നു.