അഞ്ചുതെങ്ങ് കോട്ടയ്ക്കുസമീപം കെട്ടിടനിർമാണം തടഞ്ഞ് പുരാവസ്തുവകുപ്പ്

കടയ്ക്കാവൂർ : പുരാവസ്തുവകുപ്പിന്റെ നിർദേശം മറികടന്ന് അഞ്ചുതെങ്ങ് കോട്ടയ്ക്കുസമീപം നിർമാണപ്രവൃത്തികൾ ആരംഭിച്ച ആശുപത്രിക്കെട്ടിടത്തിന്റെ പണി പുരാവസ്തുവകുപ്പ് തടഞ്ഞു. കോട്ടയ്ക്കുസമീപം കെട്ടിടംനിർമിക്കാൻ അനുമതിവാങ്ങാതെയാണ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെകീഴിൽ പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
മുൻ എം.എൽ.എ. വി.ശശിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് പുതിയ ഒ.പി. മന്ദിരനിർമാണത്തിനായി രണ്ടുകോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചിരുന്നു. നിർമാണപ്രവൃത്തികളുടെ ആദ്യഘട്ടമായുള്ള മണ്ണുപരിശോധന ആറുമാസംമുൻപ് നടത്തി. എന്നാൽ, കെട്ടിടനിർമാണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതി നേടിയതിനുശേഷംമാത്രമേ ആരംഭിക്കാവൂ എന്ന അറിയിപ്പ് പുരാവസ്തു വകുപ്പ് ആശുപത്രി അധികൃതർക്കു നൽകിയിരുന്നു. അറിയിപ്പ് വകവയ്ക്കാതെ വീണ്ടും പ്രവൃത്തികൾ തുടങ്ങിയതോടെയാണ് പുരാവസ്തുവകുപ്പ് പണി നിർത്തിവെക്കണമെന്നു കാണിച്ച് നോട്ടീസ് നൽകിയത്.
കോട്ടയ്ക്കുസമീപത്തായി പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് ആശുപത്രിയുടെ ചുമതല മെഡിക്കൽ ഓഫീസർക്കും കെട്ടിടനിർമാണം പൊതുമരാമത്തുവകുപ്പിന്റെ മേൽനോട്ടത്തിലുമാണ് നടന്നത്. പ്രദേശത്ത് നിർമിക്കപ്പെട്ടിട്ടുള്ള പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കു മാത്രമാണ്
നിബന്ധനകളുടെ അടിസ്ഥാനത്തിൽ നിർമാണപ്രവൃത്തികൾക്ക് പുരാവസ്തു വകുപ്പ് അനുമതിയുള്ളൂ. കോട്ടയ്ക്കുസമീപം പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിന് അനുമതിനൽകാൻ വ്യവസ്ഥയില്ലെന്നും ഇനിയും നിർമാണം തുടർന്നാൽ പുരാവസ്തുവകുപ്പ് കർശന നിയ മനടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ പറയുന്നു.
നൽകുന്നത് തെറ്റായ സന്ദേശം
നിയമങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾക്ക് മാതൃകകാട്ടേണ്ട സർക്കാർ ചട്ടലംഘനം നടത്തുന്നത് സമൂഹത്തിനുനൽകുന്ന തെറ്റായ സന്ദേശമാണ്. പുരാവസ്തുവകുപ്പിൽനിന്ന് ആവശ്യമായ അനുമതിവാങ്ങി നിർമാണം ആരംഭിക്കാൻ വകുപ്പുകൾ നടപടി സ്വീകരിക്കണം.
അഞ്ചുതെങ്ങ് സജൻ
ബി.ജെ.പി. അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി